'കാന്താര'യിലെ വിവാദ രംഗത്തെക്കുറിച്ച് ഋഷഭ് ഷെട്ടി പ്രതികരിച്ചു. നായികയെ സമ്മതമില്ലാതെ നുള്ളുന്ന രംഗം വിമർശിക്കപ്പെട്ടിരുന്നു. തൻ്റെ കഥാപാത്രമായ ശിവ തുടക്കത്തിൽ നായകനും വില്ലനുമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

തെന്നിന്ത്യൻ സിനിമയിൽ വമ്പൻ വിജയമായി മാറിയിരിക്കുകയാണ് 'കാന്താര ചാപ്റ്റർ 1'. ആദ്യ ഭാഗത്തിന്റെ ഇരട്ടി മുതൽമുടക്കിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 300 കോടിയാണ് റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നേടിയിരിക്കുന്നത്. രണ്ടാം ഭാഗം വലിയ വിജയമായതോടെ കാന്താര ആദ്യ ഭാഗത്തിലെ ചില രംഗങ്ങളെ പറ്റിയുള്ള ചില വിമർശനങ്ങളും സമൂഹമാധ്യങ്ങളിൽ ഉയർന്നുവന്നിരുന്നു. അത്തരത്തിൽ ഒന്നായിരുന്നു ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന നായകൻ നായികാ കഥാപാത്രത്തെ ആദ്യമായി കാണുമ്പോൾ, അവരുടെ സമ്മതമില്ലാതെ അരക്കെട്ടിൽ നുള്ളുന്ന രംഗം. വലിയ വിമർശനമായിരുന്നു ഈ രംഗത്തിന് ലഭിച്ചത്.

ഇപ്പോഴിതാ അതിനെ കുറിച്ചുള്ള തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി. ശിവ വെറുമൊരു നായകൻ മാത്രമല്ല, വില്ലനും കൂടിയായിരുന്നു എന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്. തുടക്കത്തിൽ ഒരുപാട് നെഗറ്റിവിറ്റി നേരിട്ടതിന് ശേഷമാണ് അവൻ പ്രബുദ്ധതയിലേക്ക് എത്തുന്നതെന്നും ഋഷഭ് ഷെട്ടി പറയുന്നു.

"കാന്താര ആദ്യ ഭാഗത്തിൽ ശിവ വെറും ഒരു നായകനല്ല, വില്ലനും കൂടിയാണ്. ആളുകൾ അവനെ തെറ്റിദ്ധരിച്ചു, നായകൻ എന്തോ തെറ്റ് ചെയ്യുന്നുവെന്ന് കരുതി. അവൻ ചെയ്യാൻ പാടില്ലാത്തത് എന്താണെന്ന് ഞാൻ കാണിച്ചുകൊടുക്കുകയായിരുന്നു, പക്ഷേ നേരെ വിപരീതമാണ് ചെയ്യുന്നത്. അവൻ ധാരാളം നെഗറ്റിവിറ്റി നേരിട്ടിട്ടുണ്ട്, പക്ഷേ പിന്നീട് അവൻ പ്രബുദ്ധതയിലെത്തും. സാഹചര്യങ്ങൾ എങ്ങനെ മാറ്റത്തിലേക്ക് നയിക്കുമെന്നും കഥ കാണിക്കുന്നു. പലർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം, പക്ഷേ നമുക്ക് കഥ മാറ്റാൻ കഴിയില്ല. സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു." ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലായിരിന്നു ഋഷഭ് ഷെട്ടിയുടെ പ്രതികരണം.

പാൻ ഇന്ത്യൻ വിജയം

125 കോടി മുതൽമുടക്കിൽ എത്തിയ ചിത്രം ഇതിനോടകം 300 കോടി കളക്ഷനാണ് നേടിയത്. മലയാളത്തിൽ നിന്ന് ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നായികയായി എത്തിയ രുക്മിണി വസന്തും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ചിത്രത്തിന്റെ വിഎഫ്എക്സ് വർക്കുകൾക്കും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള വിഎഫ്എക്സ് വർക്കാണ് ചിത്രത്തിലുള്ളത്. അജനീഷ് ലോകനാഥിന്റെ സംഗീതവും അർവിന്ദ് എസ് ക്യാശ്യപിന്റെ ഛായാഗ്രഹണവും വലിയ പ്രശംസകളാണ് നേടുന്നത്. ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റിവ് ക്ലൈമാക്സ് തന്നെയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

YouTube video player