മോഹന്‍ലാല്‍- ശോഭന കോമ്പോ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തുടരും

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ തുടരും എന്ന ചിത്രം ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്. സിനിമയെക്കുറിച്ച് അധികം വിശദീകരിക്കാതെ റിലീസിന് മുന്‍പ് പ്രേക്ഷകര്‍ എന്തൊക്കെ മാത്രം അറിയണം എന്ന് കൃത്യമായി മനസിലാക്കിക്കൊണ്ടുള്ള പ്രോമോഷനാണ് അണിയറക്കാര്‍ നടത്തിയത്. ചിത്രം ഒരു ഫാമിലി ഡ്രാമയാണെന്നും അതേസമയം ഫീല്‍ ഗുഡ് അല്ലെന്നും മാത്രമാണ് റിലീസിന് മുന്‍പ് സംവിധായകന്‍ ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ പറഞ്ഞത്. ഇപ്പോഴിതാ റിലീസിന് പിന്നാലെ ഇതുവരെ പറയാതിരുന്ന ഒരു കാര്യം പങ്കുവെക്കുകയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ശോഭന.

ചിത്രത്തില്‍ ത്രില്ലര്‍ ഘടകങ്ങള്‍ കൂടിയുണ്ട് എന്നതാണ് അത്. ഒപ്പം ചിത്രം നേടിയ വന്‍ പ്രതികരണത്തിലെ സന്തോഷം കൂടി അവര്‍ പങ്കുവെക്കുന്നു- ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 38,000 ടിക്കറ്റുകള്‍ വിറ്റിരിക്കുന്നു തുടരും എന്ന ചിത്രം. വളരെ സന്തോഷം. ടീമിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ലാല്‍ സാറിന്‍റെ പെര്‍ഫോമന്‍സ് കണ്ട് ഞാന്‍ തന്നെ സ്തംഭിച്ചുപോയി. കൂടുതല്‍ സ്പോയിലറുകള്‍ ഞാന്‍ പറയുന്നില്ല. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും നിര്‍മ്മാതാവ് രഞ്ജിത്തിനും അഭിനന്ദനങ്ങള്‍. എല്ലാവര്‍ക്കും നന്ദി. എല്ലാവരും കാണുക. ഇത് നല്ലൊരു ഫാമിലി ഡ്രാമയാണ്. ത്രില്ലറും കൂടിയാണ്. ചിത്രം വേഗത്തില്‍ തന്നെ എല്ലാവരും കാണുമെന്ന് വിശ്വസിക്കുന്നു. നന്ദി, ശോഭന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.

മലയാളം യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കൊപ്പം മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതിനൊപ്പം മോഹന്‍ലാല്‍- ശോഭന കോമ്പോ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്നതും തുടരുമിന്‍റെ യുഎസ്‍പി ആയിരുന്നു. ഇരുവരുടെയും ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി പുതിയ ചിത്രത്തിലും നന്നായി വന്നിട്ടുണ്ടെന്നാണ് പുറത്തെത്തുന്ന പ്രേക്ഷകാഭിപ്രായങ്ങള്‍. ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവര്‍ ആണ് മോഹന്‍ലാലിന്‍റെ കഥാപാത്രം. ഭാര്യ ലളിതയുടെ കഥാപാത്രമാണ് ശോഭനയ്ക്ക്. പ്രകാശ് വര്‍മ്മ, ബിനു പപ്പു എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിലുണ്ട്. ഇടവേളയ്ക്ക് ശേഷം ഗംഭീര പ്രകടനത്തിലൂടെ മോഹന്‍ലാല്‍ വിസ്മയിപ്പിക്കുന്ന ചിത്രമെന്നാണ് തുടരുമിനെക്കുറിച്ചുള്ള റിലീസ് ദിന പ്രതികരണങ്ങള്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണഅ തുടരും നിര്‍മ്മിച്ചിരിക്കുന്നത്. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. ഷാജി കുമാര്‍ ആണ് ഛായാഗ്രാഹകന്‍.

ALSO READ : 'ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക'? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ 'അപ്പു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം