മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. സിനിമകളില്‍ നിന്ന് ഇടവേളയെടുത്തപ്പോള്‍ പോലും ശോഭനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഖജുരാഹോ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ശോഭനയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ശോഭന തന്നെയാണ് ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നത്.

ഖജുരാഹോ ഫെസ്റ്റിവലില്‍ ശോഭന നൃത്തം ചെയ്‍തിരുന്നു. രാജ്യത്തെ തന്നെ മികച്ച നൃത്തവേദികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഖജുരാഹോ ഫെസ്റ്റിവലിന്‍റെ നാൽപ്പത്തിയേഴാം പതിപ്പിലാണ് ശോഭന നൃത്തം ചെയ്‍തത്. മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിൽ വർഷം തോറും നടക്കുന്ന ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന്‍റെ ഒരാഴ്‍ച നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഖജുരാഹോ നൃത്തോത്സവം. പ്രമുഖരായ നര്‍ത്തകരെല്ലാം തന്നെ ഖജുരാഹോ നൃത്തോത്സവത്തില്‍ പങ്കെടുക്കാൻ എത്താറുണ്ട്. ഖജുരാഹോ നൃത്തോത്സവത്തില്‍ നൃത്തം ചെയ്യുന്നത് വലിയ ബഹുമതിയായിട്ടും നര്‍ത്തകര്‍ കാണുന്നു.