ജിത്തു മാധവനാണ് സംവിധാനം നിര്‍വഹിക്കുന്നത്.

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘സീനി’ന്റെ ട്രെയ്‌ലർ പുറത്ത്. മാസ് ആക്ഷനും നർമവും ത്രില്ലിംഗ് മുഹൂർത്തങ്ങളും കോർത്തിണക്കിയ ട്രെയ്‌ലർ ചിത്രത്തെ ഒരു കംപ്ലീറ്റ് എന്റർടെയ്‌നറായാണ് അവതരിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിടുന്ന ചിത്രം നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് മെഗാ റിലീസായി ചിത്രം പ്രദർശനത്തിനെത്തിക്കും. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്.

ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായി സൂര്യ എത്തുന്ന ചിത്രത്തിൽ, താരത്തിന്റെ സ്റ്റൈലിഷും ദൃഢവുമായ മാസ് അവതാരമാണ് ട്രെയ്‌ലറിലെ പ്രധാന ആകർഷണം. മികച്ച ദൃശ്യങ്ങളും സുഷിൻ ശ്യാമിന്റെ ശ്രദ്ധേയമായ പശ്ചാത്തലസംഗീതവും ട്രെയ്‌ലറിന് കൂടുതൽ മികവേകുന്നു. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്. YouTube video player ട്രെയ്‌ലറിലെ ഓരോ രംഗവും ചിത്രത്തിന്റെ വ്യത്യസ്തമായ ടോണും അവതരണശൈലിയും വ്യക്തമാക്കുന്നുണ്ട്. മാസ് രംഗങ്ങളിൽ തിളങ്ങുന്ന സൂര്യയുടെ സ്റ്റൈലിഷ് പൊലീസ് ലുക്കിനൊപ്പം, കഥാപാത്രത്തിന്റെ പ്രത്യേക തരത്തിലുള്ള സ്വഭാവവും നർമവും പ്രേക്ഷകർക്ക് രസകരമായ അനുഭവം നൽകുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആക്ഷൻ രംഗങ്ങളുടെ വേഗതയും കോമഡി മുഹൂർത്തങ്ങളുടെ സ്വാഭാവികതയും ഒരുമിച്ചെത്തുമ്പോൾ ചിത്രം ഒരു സമ്പൂർണ മാസ് എന്റർടെയ്‌നറിന്റെ പ്രതീതി സൃഷ്ടിക്കുന്നു. നസ്‌ലനും നസ്രിയ നസീമും ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രകടനങ്ങളും വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇവരുടെ കഥാപാത്രങ്ങൾക്കും പ്രകടനത്തിനും ചിത്രത്തിൽ ശ്രദ്ധേയമായ ഇടമുണ്ടാകുമെന്ന സൂചനകൾ ട്രെയ്‌ലറിലുണ്ട്.

നേരത്തെ സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. നസ്‌ലൻ അവതരിപ്പിക്കുന്ന ഈശ്വരൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസറും ഇതിനുമുമ്പ് പുറത്തുവന്നിരുന്നു. സൂര്യയ്ക്കും നസ്‌ലനും നസ്രിയ നസീമിനുമൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. ഈ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ ജിത്തു മാധവൻ-സുഷിൻ ശ്യാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും സിനിമയുടെ പ്രധാന പ്രത്യേകതയാണ്.

സുഷിൻ ശ്യാം ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തിലെ ‘ആതി ഇവ യാരാ’, ‘എയ്റോപ്ലെയിൻ’ എന്നീ ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ട്രെയ്‌ലറിലെ പശ്ചാത്തലസംഗീതവും ദൃശ്യങ്ങളോടുള്ള അതിന്റെ ചേർച്ചയും ചിത്രത്തിന്റെ സംഗീതപരമായ മികവിനെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സൂര്യയുടെ മാസ് അവതരണം, ജിത്തു മാധവന്റെ വ്യത്യസ്തമായ കഥപറച്ചിൽ, നസ്‌ലന്റെയും നസ്രിയയുടെയും ശ്രദ്ധേയമായ പ്രകടനങ്ങൾ, സുഷിൻ ശ്യാമിന്റെ സംഗീതം എന്നിവയെല്ലാം ഒത്തുചേരുമ്പോൾ ‘സീൻ’ മികച്ചൊരു തിയേറ്റർ എന്റർടെയ്‌നറാകുമെന്ന പ്രതീക്ഷയാണ് ട്രെയ്‌ലർ നൽകുന്നത്. മാസ് ആക്ഷനും കോമഡിയും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്കൊപ്പം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിയുന്ന ഒരു പക്കാ എന്റർടെയ്‌നറായിരിക്കും ചിത്രം.

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി'സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പിആർഒ: ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക