ലോക നൃത്ത ദിനത്തില്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ഫേസ്ബുക്ക് ലൈവില്‍ മറുപടി പറഞ്ഞ് ശോഭന.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയെന്നതിലുപരി രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന നര്‍ത്തകിയുമാണ് ശോഭന. ശോഭനയുടെ സിനിമകള്‍ക്കും ഇന്നും പ്രേക്ഷകരുണ്ട്. ലോക നൃത്ത ദിനത്തില്‍ പ്രേക്ഷകരോട് സംവദിക്കാൻ ശോഭന ഫേസ്‍ബുക്ക് ലൈവില്‍ എത്തി. നൃത്തത്തിനെ കുറിച്ചും മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ചുമൊക്കെ ശോഭന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ഇനി അഭിനയിക്കുമോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. തീര്‍ച്ചയായും അഭിനയിക്കുമെന്ന് ശോഭന മറുപടി പറഞ്ഞു. ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്‍തു. താൻ മാത്രം വിചാരിച്ചാല്‍ പറ്റില്ല അവര്‍ കൂടി വിചാരിക്കണം. അവരെ താൻ ഫോണ്‍ ചെയ്‍തു ചോദിക്കാം. തന്റെ ആരാധകര്‍ താൻ അവര്‍ക്കൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് പറയാം എന്നും ശോഭന അറിയിച്ചു. മോഹൻലാലിനെയും മമ്മൂട്ടിയെക്കുറിച്ചും എന്താണ് അഭിപ്രായമെന്നും ചോദിച്ചു. മമ്മൂട്ടി വളരെ ജനുവിനായ ആളാണ് എന്ന് ശോഭന പറഞ്ഞു. മോഹൻലാല്‍ സുഹൃത്താണെന്നും ശോഭന പറഞ്ഞു. ഇഷ്‍ടപ്പെട്ട സംവിധായകൻ ആരാണെന്ന് ചോദ്യത്തിന് ഭരതൻ എന്നായിരുന്നു മറുപടി. തന്റെ ചെറുപ്പത്തില്‍ ആണ് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചത്. അന്ന് തന്നോട് വളരെ കരുതലോടെയാണ് പെരുമാറിയത് എന്നും ശോഭന പറഞ്ഞു.