'വില്ലന്' ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന കോമഡി ആക്ഷൻ ചിത്രമാണ് ‘ആറാട്ട്‘. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ഇപ്പോഴിതാ സെറ്റിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ തന്നെ സ്വാഗതം ചെയ്തതിനെ കുറിച്ച് പറയുകയാണ് ശ്രദ്ധ.

മോഹന്‍ലാലുമായുള്ള ആദ്യ സംഭാഷണത്തെ കുറിച്ചാണ് ശ്രദ്ധ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ”ഇന്ന് ആറാട്ടിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. ടീമിനെ മുഴുവന്‍ കണ്ടു. കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു മോഹന്‍ലാല്‍ സാറിന്റെ ആദ്യ വാക്കുകള്‍, എന്റെ ദിനം ധന്യമാക്കി” എന്നാണ് ശ്രദ്ധ ട്വീറ്റ് ചെയ്തത്. ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ എത്തുന്നതെന്നാണ് വിവരം.

നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ എത്തുന്നുണ്ട്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ചിത്രത്തിലെ വിന്‍റേജ് ബെന്‍സ് കാറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. 

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് 'ആറാട്ട്'. ഛായാഗ്രഹണം വിജയ് ഉലകനാഥ്. എഡിറ്റിംഗ് സമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ രാജ്. ഹൈദരാബാദും ഒരു ലൊക്കേഷനാണ്.