ദില്ലി: വിമാനത്തിൽ സം​ഗീതോപകരണം കയറ്റാൻ അനുവദിക്കാത്ത സിംഗപ്പൂര്‍ എയർലൈനിന്റെ നടപടിക്കെതിരെ പ്രതികരിച്ച് ​ഗായിക ശ്രേയ ഘോഷാൽ. ട്വിറ്ററിലൂടെയായിരുന്നു ശ്രേയയുടെ പ്രതികരണം. സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരെ ആവശ്യമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ശ്രേയ ട്വിറ്ററിൽ കുറിച്ചു.

സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരോ അല്ലെങ്കില്‍ അമൂല്യമായ ഉപകരങ്ങള്‍ കൈവശമുള്ളവരോ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും നന്ദി. ഒരു പാഠം പഠിച്ചുവെന്നും ശ്രേയ പറഞ്ഞു. ട്വിറ്ററിലൂടെ ശ്രേയ പരാതിപ്പെട്ടതോടെ നിരവധിയാളുകളാണ് താരത്തെ പിന്തുണച്ച് രം​ഗത്തെത്തിയത്.

അതേസമയം ശ്രേയയുടെ ട്വീറ്റിന് പിന്നാലെ സംഭവത്തില്‍ ക്ഷമാപണവുമായി സിംഗപ്പൂര്‍ എയര്‍ലൈൻ രംഗത്തെത്തി. താങ്കൾക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നും പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്നും ജീവനക്കാർക്ക് ആവശ്യമായ ഉപദേശം നൽകുമെന്നും എയര്‍ലൈന്‍ ഉറപ്പ് നല്‍കി.