രതീഷ്‌ ആനേടത്ത്‌ നിർമ്മിച്ച്‌ ഒമർ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പവർസ്റ്റാറിൽ കന്നഡ യുവതാരം ശ്രേയസ് മഞ്ജു അഭിനയിക്കുന്നു. കന്നടയിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് കെ മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു. 2019 ൽ പുറത്തിറങ്ങിയ "പാഡെ ഹുളി" എന്ന ആക്ഷൻ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളിലൂടെ ശ്രേയസ് മഞ്ജു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന ഈ ചിത്രത്തിൽ കന്നട സിനിമയിലെ ഒരുപിടി താരങ്ങൾ കൂടി ഉണ്ടാകുമെന്നാണ് സൂചന.

ബാബു ആന്‍റണി നായകനാവുന്ന ഒമര്‍ ലുലു ചിത്രം 'പവര്‍ സ്റ്റാറി'ല്‍ അറിയപ്പെടുന്ന ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാമും അഭിനയിക്കുന്നുണ്ട്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് ഇത്. കൊക്കെയ്‍ന്‍ വിപണി പശ്ചാത്തലമാക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നായികയോ പാട്ടുകളോ ഇല്ല. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളിലാവും ചിത്രീകരണം.