പുതുമുഖ സംവിധായകനുള്ള ജേസി ഫൗണ്ടേഷന്‍ പുരസ്‌കാരനേട്ടത്തില്‍ സന്തോഷമറിയിച്ച് 'ഒടിയന്‍' സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ശ്രീകുമാര്‍ മേനോന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഇത്തവണത്തെ നവാഗത സംവിധായകര്‍ക്കുള്ള പുരസ്‌കാരം. അജിത്ത് കുമാര്‍ (ഈട), ഷാജി പാടൂര്‍ (അബ്രഹാമിന്റെ സന്തതികള്‍), സൗമ്യ സദാനന്ദന്‍ (മാംഗല്യം തന്തുനാനേന) എന്നിവരാണ് ഈ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റ് സംവിധായകര്‍. 'ഒടിയനി'ലെ അഭിനയത്തിന് മഞ്ജു വാര്യര്‍ക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. 'അബ്രഹാമിന്റെ സന്തതികളി'ലെ പ്രകടനത്തിന് മമ്മൂട്ടിയെ മികച്ച നടനായും തെരഞ്ഞെടുത്തു.

എം എ നിഷാദ് സംവിധാനം ചെയ്ത 'കിണറാ'ണ് മികച്ച ചിത്രം. വിനയന്‍ സംവിധായകന്‍ (ചാലക്കുടിക്കാരന്‍ ചങ്ങാതി). റോഷന്‍ ആന്‍ഡ്രൂസിനാണ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (കായംകുളം കൊച്ചുണ്ണി). ഈമയൗവിലെ അഭിനയത്തിന് ദിലീഷ് പോത്തനെ സഹനടനായും വികടകുമാരനിലെ അഭിനയത്തിന് സീമ ജി നായരെ സഹനടിയായും തെരഞ്ഞെടുത്തു. പ്രണവ് മോഹന്‍ലാല്‍ (ആദി), കാളിദാസ് ജയറാം (പൂമരം), രാജാമണി (ചാലക്കുടിക്കാരന്‍ ചങ്ങാതി) എന്നിവര്‍ക്കാണ് പുതുമുഖ നടന്മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍. നിതാ പിള്ള (പൂമരം), സാനിയ ഇയ്യപ്പന്‍ (ക്വീന്‍) എന്നിവര്‍ക്കാണ് പുതുമുഖ നടനിമാര്‍ക്കുള്ള പുരസ്‌കാരം. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) എറണാകുളം ടൗണ്‍ ഹാളില്‍ വച്ചാണ് പുരസ്‌കാര സമര്‍പ്പണം. ചടങ്ങ് കെ എസ് സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും.