2020-ൽ ആത്മഹത്യയെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി സഹോദരി ശ്വേത സിങ് കീർത്തി. സുശാന്തിന്റെ കഴുത്തിലെ പാട് തുണികൊണ്ടുള്ളതല്ലെന്ന് സഹോദരി പറയുന്നു.
ഇന്ത്യൻ സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച വിയോഗമായിരുന്നു നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ വിയോഗം. 2020 ജൂൺ 14 നാണ് സഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിടപറഞ്ഞത്. മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാർത്തകൾ.
ഇപ്പോഴിതാ സുഷണത്തിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സഹോദരി ശ്വേത സിങ് കീർത്തി. സുശാന്തിന്റെ കഴുത്തിലുണ്ടായിരുന്ന പാട് വസ്ത്രത്തിന്റേത് അല്ലായിരുന്നുവെന്നും, അതൊരു ചെയിനിന്റെ പാട് ആണെന്നുമാണ് ശ്വേത പറയുന്നത്.
"ഫാനും കട്ടിലിനുമിടയിൽ ഒരാൾക്ക് കാലുകൾ തൂക്കിയിടാൻ പോലും സ്ഥലമുണ്ടായിരുന്നില്ല. ആർക്കെങ്കിലും ആത്മഹത്യ ചെയ്യണമെങ്കിൽ, അവർ ഒരു സ്റ്റൂൾ എങ്കിലും ഉപയോഗിക്കില്ലേ? എന്നാൽ അവിടെ അങ്ങനെയൊരു വസ്തു ഉണ്ടായിരുന്നില്ല. ഇനി ശരീരത്തിലെ പാടുകൾ നോക്കുകയാണെങ്കിൽ, അതൊരു തുണി മുറുകിയ പാടുകളായി തോന്നുന്നില്ല. ഒരു തുണി പോലെയുള്ള അടയാളമല്ല ഉപയോഗിച്ച വസ്തു ഉണ്ടാക്കിയത്, മറിച്ച് അതൊരു നേർത്ത ചെയിനിന്റെ പാടുപോലെയായിരുന്നു." ശ്വേത സിങ്ങ് പറഞ്ഞു. അൺപ്ലഗ്ഗ്ഡ് ശുഭങ്കർ എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്വേതയുടെ വെളിപ്പെടുത്തൽ.
ബോളിവുഡിനെ പിടിച്ചുലച്ച മരണവാർത്ത
എല്ലാവരോടും ചെറുപുഞ്ചിരിയോടെയും സ്‍നേഹത്തോടെയും പെരുമാറിയിരുന്ന യുവനടന്റെ വിയോഗ വാർത്ത ബോളിവുഡിനെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെയും ദുഃഖത്തിലാഴ്ത്തി. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞിരുന്നു. മുപ്പത്തിനാലാമത്തെ വയസ്സിലെ സുശാന്തിന്റെ മരണം ബോളിവുഡിനെ ആകെ പിടിച്ചുലച്ചു. ബോളിവുഡിലെ മയക്കുമരുന്ന് കേസുകളും സ്വജനപക്ഷപാതവും അടക്കമുള്ളവ പുറത്തുവന്നിരുന്നു.
സുശാന്തിന്റെ മുൻ മാനേജർ ദിഷ സലൈൻ ആത്മഹത്യ ചെയ്‍ത് ഒരാഴ്‍ച കഴിയുമ്പോഴായിരുന്നു സുശാന്തിന്റെ മരണവാർത്തയും പുറത്തുവന്നത്. എല്ലാവരോടും നല്ല സൗഹൃദം സൂക്ഷിച്ച താരത്തിന്റെ വിയോഗം സിനിമാ ലോകത്തെ ആകെ കണ്ണീരണിയിച്ചു. മരണത്തിന് മുമ്പുള്ള ആറുമാസങ്ങളിൽ ഈ യുവനടൻ ക്ലിനിക്കൽ ഡിപ്രഷന് ചികിത്സ തേടുകയായിരുന്നു എന്ന റിപ്പോർട്ടുകളും പുറകെ വന്നു. മരിക്കുന്നതിന് എട്ട് മാസം മുമ്പാണ് സുശാന്ത് ബാന്ദ്രയിലെ ഫ്ലാറ്റിൽ താമസം ആരംഭിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ ക്രിയേറ്റീവ് മാനേജർ, ഒരു സുഹൃത്ത്, വീട്ടുജോലി ചെയ്യുന്ന ആൾ എന്നിവരുമുണ്ടായിരുന്നു. ഇവരാരും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.


