അയ്യപ്പനും കോശിയും കണ്ടപ്പോഴാണ് ഞാൻ അത്ഭുതപ്പെട്ടത്. അപ്പോഴാണ് സച്ചിക്കുള്ളിലെ യഥാര്‍ഥ പ്രതിഭ മനസിലായത്. എത്രമാത്രം ശക്തിയുള്ള സിനിമാ നരേഷന് പ്രാപ്‍തനായ വ്യക്തിയാണ് സച്ചിയെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്- സംവിധായകൻ ശ്യാമപ്രസാദ് ഓര്‍ക്കുന്നു.

സച്ചി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു അനാര്‍ക്കലി. അനാര്‍ക്കലിയില്‍ ഒരു കഥാപാത്രമാകാൻ സംവിധായകൻ ശ്യാമപ്രസാദിനെയും സച്ചി ക്ഷണിച്ചു. നേവി ഓഫീസറായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു ശ്യാമപ്രസാദിന്റേത്. സച്ചിയുടെ സ്‍നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി മാത്രമായിരുന്നു അഭിനയിക്കാൻ തയ്യാറായത്. വാണിജ്യവഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു തിരക്കഥാകൃത്തായിട്ടായിരുന്നു അന്ന് സച്ചിയെ കുറിച്ച് ശ്യാമപ്രസാദിന് തോന്നിയത്. എന്നാല്‍ അയ്യപ്പനും കോശിയും കണ്ടപ്പോഴാണ് സച്ചിയിലെ പ്രതിഭയുടെ ആഴവും പരപ്പും വെളിപ്പെട്ടത്. സച്ചിയെ കുറിച്ചുള്ള ഓര്‍മകള്‍ സംവിധായകൻ ശ്യാമപ്രസാദ് പങ്കുവയ്‍ക്കുന്നു.

സച്ചിയെ എനിക്ക് അത്ര വലിയ പരിചയമുണ്ടായിരുന്നില്ല. എന്റെ അടുത്ത സുഹൃത്താണ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‍ജിത്ത്. രഞ്‍ജിത്തിന്റെ കൂടെ കാണുന്ന ഒരാളാണ് സച്ചി. അങ്ങനെയാണ് ഞാൻ സച്ചിയുമായി ഇടപെടുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ സച്ചിയുടെ ആദ്യകാല ചിത്രങ്ങളെ കുറിച്ച് എനിക്ക് വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല. സാധാരണ വാണിജ്യ വഴിയില്‍ തിരക്കഥകള്‍ എഴുതുന്ന ഒരാള്‍ എന്നേ തോന്നിയുള്ളൂ. എന്നാല്‍ രഞ്‍ജിത്തുമായി അടുത്ത് ഇടപെടണമെങ്കില്‍ ഒരു ഗുണമുണ്ടാകണമെന്നും എനിക്ക് ഉറപ്പായിരുന്നു. കാരണം രഞ്‍ജിത്ത് സഹോദരനെ പോലെ കൊണ്ടുനടക്കുന്ന ആളാണല്ലോ.

നാടകാവതരണങ്ങളില്‍, ചില സാഹിത്യ സദസുകളില്‍ സച്ചിയെ പലപ്പോഴായി കാണാറുണ്ട്. ഇങ്ങനെയൊക്കെയുള്ള സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും കുറച്ചുകൂടി ആഴത്തിലുള്ള അഭിരുചികളൊക്കെയുള്ള ആളാണല്ലോ എന്നൊക്കെ അപ്പോള്‍ ആലോചിച്ചിട്ടുണ്ട്. അങ്ങനെയിരിക്കേ അപ്രതീക്ഷിതമായാണ് സച്ചിയുടെ സിനിമയില്‍ അഭിനയിക്കണമെന്ന് ഒരു വിളി വരുന്നത്. നേവി ഓഫീസറാണ്. പാട്ടൊക്കെ പാടണമെന്നൊക്കെ പറഞ്ഞപ്പോള്‍ ഞാൻ പിൻവലിഞ്ഞു. നല്ല നടൻമാരൊക്കൊയുണ്ടല്ലോ അവരെ വിളിച്ചാല്‍ പോരേ എന്ന് ചോദിച്ചു. അപ്പോള്‍ അല്ല ചേട്ടൻ തന്നെ വരണം, എങ്കിലേ ശരിയാകൂവെന്ന് പറഞ്ഞ് നിര്‍ബന്ധിക്കുകയായിരുന്നു.

കൊച്ചിയിലും മറ്റ് സ്ഥലങ്ങളിലുമൊക്കെയായിട്ടായിരുന്നു സച്ചി ആദ്യമായി സംവിധാനം ചെയ്‍ത അനാര്‍ക്കലി എന്ന സിനിമയുടെ ചിത്രീകരണം. നല്ല ഒരു അനുഭവമായിരുന്നു അത്. സഹപ്രവര്‍ത്തകൻ എന്ന നിലയില്‍ എല്ലാത്തരം സിനിമാ സെറ്റുകളും നമുക്ക് ഹൃദ്യമാണ്. നമുക്ക് അവിടെ നിന്ന് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടല്ലോ.

നല്ലൊരു ഓളത്തിലാണ് സച്ചി സിനിമ ചെയ്യുന്നത്. ഇങ്ങനേയൊരു ഒഴുക്കാണ്. കണ്‍വെൻഷനായ രീതിയിലുള്ള ഷോട്ടൊക്കെ തീരുമാനിച്ചുറപ്പിച്ചങ്ങ് ചെയ്യുകയല്ല. ഇങ്ങനെ ഒരു ഒഴുക്കില്‍ അങ്ങനെ ചെയ്യുകയാണ്. സാങ്കേതിക പ്രവര്‍ത്തകരുടെയൊക്കെ തോളില്‍ കയ്യിട്ടുകൊണ്ട് പഠിച്ചും നയിച്ചും അന്വേഷിച്ചും ഒരു സ്വാഭാവികമായ പ്രക്രിയയായിട്ടാണ് എനിക്ക് തോന്നിയത്. സിനിമ വിജയമായി. അതിന്റെ സന്തോഷമൊക്കെ എന്നോട് പങ്കിട്ടുണ്ട്. ഞാൻ ചെയ്‍തത് വലിയ ഇഷ്‍ടമായി എന്നൊക്കെ എന്നോട് പറഞ്ഞു. ഞാൻ കൂടി പങ്കാളിയായ ഒരു സിനിമയായതു കൊണ്ട് ഞാനതിനെ വിലയിരുത്താൻ മുതിരുന്നില്ല.

അതിനുശേഷം സച്ചി രണ്ടുമൂന്ന് സിനിമകള്‍ക്ക് കൂടി തിരക്കഥയെഴുതി. വഴി മാറി വേറൊരു തലത്തിലേക്ക് സച്ചി എത്തിയെന്നൊന്നും എനിക്ക് അപ്പോള്‍ അനുഭവപ്പെട്ടില്ല. ഒരുപക്ഷേ എന്റെ ചില വ്യക്തി അധിഷ്‍ഠിതമായ ചില അഭിരുചികള്‍ കൊണ്ടൊക്കെ ആയിരിക്കാം അങ്ങനെ തോന്നിയത്. പക്ഷേ.. അയ്യപ്പനും കോശിയുടെയും കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നു. രഞ്‍ജിത്ത് നിര്‍മിക്കുന്ന സിനിമയാണ് അത്. രഞ്‍ജിത്തിന്റെ താമസസ്ഥലത്ത് വെച്ചാണ് അതിന്റെ ജോലികള്‍ നടക്കുന്നതും.

മറ്റ് ചില താരങ്ങളെ കൊണ്ട് ചെയ്യിക്കാനായിരുന്ന ഒരു സിനിമയായിരുന്നുവത്. എന്തുകൊണ്ടോ അത് നടന്നില്ല. ഒന്നര വര്‍ഷമായി ആലോചനയിലുള്ള സിനിമയായിരുന്നു. അതിന്റെ നിരാശയിലായിരുന്നു രഞ്‍ജിത്തും. എന്നാല്‍ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു രഞ്‍ജിത്തിന്. പക്ഷേ എപ്പോഴും മുറുക്കിക്കൊണ്ടിരിക്കുന്ന ഒരുപാട് ഇങ്ങനേ സംസാരിച്ചുകൊണ്ടിരിക്കുന്ന സച്ചിയെയാണ് എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്. സീരിയസായി സച്ചി എഴുതുന്നുണ്ടോ രഞ്‍ജിത്തിന്റെ സ്വപ്‍നം പാഴാകുമോയെന്നൊക്കെ എനിക്ക് വലിയ ആശങ്കകളുണ്ടായിരുന്നു.

അതിനുശേഷം സിനിമ ഇറങ്ങാറായി. സിനിമ എന്തായാലും കാണണം എന്ന് പറഞ്ഞ് സച്ചിയും വിളിച്ചു. അയ്യപ്പനും കോശിയും കണ്ടപ്പോഴാണ് ഞാൻ അത്ഭുതപ്പെട്ടത്. അപ്പോഴാണ് സച്ചിക്കുള്ളിലെ യഥാര്‍ഥ പ്രതിഭ മനസിലായത്. എത്രമാത്രം ശക്തിയുള്ള സിനിമാ നരേഷന് പ്രാപ്‍തനായ വ്യക്തിയാണ് സച്ചിയെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. അത്രയും കാലം സച്ചിയുടെ പ്രതിഭ വേണ്ടെത്ര വെളിച്ചപ്പെട്ടില്ല എന്ന് എനിക്ക് തോന്നി. അത്രമാത്രം എനിക്ക് 'അയ്യപ്പനും കോശിയും' ഇംപ്രസ്‍ഡ് ആയി. ഒരുപാട് പ്രശ്‍നങ്ങളെ അത് ഐഡന്റിഫൈ ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാത്തരം പ്രേക്ഷകരെയും എന്റര്‍ടെയ്‍ൻമെന്റ് ചെയ്യിക്കുന്നുമുണ്ട്. അതാണ് നല്ല സിനിമ. ആര്‍ട്ട് സിനിമ നല്ല സിനിമ എന്നൊക്കെ പറയുന്നതിലല്ല കാര്യം. നല്ല സിനിമയ്‍ക്ക് രണ്ടുതരത്തിലുള്ള പ്രേക്ഷകരെയും കണക്റ്റ് ചെയ്യാൻ പറ്റണം. അത്തരത്തിലുള്ള ബുദ്ധിമുട്ടേറിയ ഒരു ദൌത്യം അനായസമായി പ്രതിഭയോടെ സച്ചി നിര്‍വഹിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ വെളിപ്പെടലായിരുന്നു. അതുവരെ എനിക്ക് സ്‍നേഹവും സൗഹൃദവും ഒരു കൗതുകവുമൊക്കെ ഉണ്ടായിരുന്നു. അന്ന് വല്ലാത്ത ഒരു ആദരവ് തോന്നി. പക്ഷേ വെളിച്ചം തെളിഞ്ഞപ്പോള്‍ തന്നെ നിര്‍ഭാഗ്യവശാല്‍ അത് അണഞ്ഞുപോയി. അത് എന്നെ വലിയ നിരാശയിലാക്കുകയായിരുന്നു.