27 വർഷങ്ങൾക്ക് ശേഷം 'സമ്മർ ഇൻ ബത്‌ലഹേം' ഡിസംബർ 12ന് വീണ്ടും തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ അതിഥി വേഷത്തിനായി രജനികാന്തിനെയും കമൽഹാസനെയും പരിഗണിച്ചിരുന്നതായി സംവിധായകൻ സിബി മലയിൽ വെളിപ്പെടുത്തി.

27 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ് സൂപ്പർ ഹിറ്റ് ചിത്രം സമ്മർ ഇൻ ബത്ലഹേം. ചിത്രം ഡിസംബർ 12ന് തിയറ്ററുകളിൽ എത്തും. സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു മോഹൻലാലിന്റെ അതിഥി വേഷം. മോഹൻലാലിന്റെ കരിയറിലെ ശക്തമായ ഈ കാമിയോ റോളിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമ റീ റിലീസിന് ഒരുങ്ങുന്നതിനിടെ മോഹൻലാൽ സിനിമയിലെത്തിയതിനെ കുറിച്ച് പറയുകയാണ് സിബി മലയിൽ.

സ്ക്രിപ്റ്റ് എഴുതി ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു കഥാപാത്രം വന്നതെന്നും മഞ്ജുവിനും സുരേഷ് ​ഗോപിക്കും ഒരുപടി മുകളിൽ നിൽക്കുന്നൊരാൾ അത് ചെയ്യണമെന്നും രഞ്ജിത്ത് പറഞ്ഞുവെന്ന് സിബി മലയിൽ പറയുന്നു. രജനികാന്ത്, കമൽഹാസൻ അടക്കമുള്ളവരെ ആ കഥാപാത്രത്തിലേക്ക് ആലോചിച്ചുവെന്നും അ​ദ്ദേഹം വ്യക്തമാക്കി. സമ്മർ ഇൻ ബത്ലഹേം റി റിലീസ് ട്രെയിലർ ലോഞ്ചിനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

സിബി മലയിലിന്റെ വാക്കുകൾ ഇങ്ങനെ

സ്ക്രിപ്റ്റ് എഴുതി ഒരുഘട്ടത്തിൽ എത്തിയപ്പോഴാണ് ചിത്രത്തിലൊരു ക്യാരക്ടർ കൂടി വന്നിട്ടുണ്ടെന്ന് രഞ്ജിത്ത് പറയുന്നത്. ക്ലൈമാക്സിൽ അത് വരണം, മഞ്ജുവിന്റെയും സുരേഷ് ​ഗോപിയുടേയും മുകളിൽ നിൽക്കുന്ന ഒരു നടൻ ഇത് ചെയ്യണം. എങ്കിലേ ആ ഒരു പോപ്പുലാരിറ്റി ഉണ്ടാവൂ. അങ്ങനെ ഒരാൾ തന്നെ വേണമെന്ന് രഞ്ജിത്ത് പറഞ്ഞു. അങ്ങനെ പല ആളുകളെയും ആലോചിച്ചു. രജനികാന്ത്, കമൽഹാസൻ തുടങ്ങി എല്ലാവരേയും ആലോചിച്ചു. പക്ഷേ സ്വർണം വീട്ടിൽ വച്ചിട്ടെന്തിന് എന്ന് പറയുമ്പോലെ ലാൽ ഇവിടെ ഉള്ളപ്പോൾ എന്തിന് വേറൊരാൾ. ആ സമയത്ത് ലാൽ ബാം​ഗ്ലൂരിൽ ഒരുമാസത്തെ സുഖ ചികിത്സയ്ക്കായി പോയിരിക്കുകയാണ്. ഞാനും രഞ്ജിത്തും നേരിട്ട് പോയി ലാലിനോട് കാര്യം പറഞ്ഞു. അതിനെന്താ നിങ്ങളുടെ സിനിമയല്ലേ ചെയ്യാം എന്നായിരുന്നു മറുപടി. രണ്ട് ദിവസത്തെ ഷൂട്ടിയിരുന്നു ലാലിന്. എന്റെ ഏറ്റവും വലിയ സന്തോഷം എന്തെന്നാൽ, ലാൽ അന്ന് താടിയൊക്കെ വളർത്തി, ചികിത്സയുടെ ഭാ​ഗമായി വളരെ ശാന്തനായി കാണപ്പെട്ടു. ഇവിടെന്ന് നേരെ ലൊക്കേഷനിലേക്ക് വരാനാണ് ഞാൻ പറഞ്ഞത്. ആ കഥാപാത്രത്തെ കൂടുതൽ എടുത്ത് കാണിക്കാൻ ആ ലുക്ക് ആപ്റ്റ് ആയിരുന്നു.

ലാൽ സിനിമയിൽ ഉണ്ടെന്നത് തിയറ്ററിൽ എത്തുംവരെ ഞങ്ങൾ ഒളിപ്പിച്ച് വച്ചിരുന്നു. ആ സർപ്രൈസ് വലിയ രീതിയിൽ അന്ന് സ്വീകരിക്കപ്പെടുകയും ചെയ്തു. രണ്ട് സീനുകൾ ഞങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിനെ താലികെട്ടിയ ശേഷമുള്ളതും കൺവീൻസിം​ഗ് ചെയ്യുന്നതുമായ അഞ്ച്, പത്ത് മിനിറ്റുള്ള സീനായിരുന്നു അത്. ലാലിന്റെ പ്രെസൻസുള്ള വേറൊരു സീനും ഉണ്ടായിരുന്നു. റീ റിലീസിൽ അത് ഉൾപ്പെടുത്തണമെന്ന് കരുതിയതാണ്, പക്ഷെ നെ​ഗറ്റീവുകൾ കിട്ടിയില്ല. ഇല്ലായിരുന്നെങ്കിൽ ഒരു സർപ്രൈസ് എൻട്രി കിട്ടിയേനെ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്