1989-ൽ പുറത്തിറങ്ങിയ കിരീടം സിനിമയുടെ ഫൈനൽ കട്ടിൽ നിന്ന് ഒഴിവാക്കിയ രംഗങ്ങളെക്കുറിച്ച് സംവിധായകൻ സിബി മലയിൽ
മലയാളി സിനിമാപ്രേമികള്‍ ഒരിക്കലും മറക്കാത്ത ചിത്രങ്ങളിലൊന്നാണ് കിരീടം. ലോഹിതദാസിന്‍റെ തിരക്കഥയും സിബി മലയിലിന്‍റെ സംവിധാന മികവും മോഹന്‍ലാലും തിലകനും അടക്കമുള്ള അഭിനേതാക്കളുടെ മികവുറ്റ പ്രകടനങ്ങളുമൊക്കെയുള്ള ചിത്രം മലയാളത്തിന്‍റെ ക്ലാസിക്കുകളില്‍ ഒന്നാണ്. ബഹുഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ഇത്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറം റെസ്റ്റൊറേഷന്‍ നടത്തിയ പതിപ്പ് നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് കൗതുകകരമായ ഒരു വിവരം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സിബി മലയില്‍. 1989 ല്‍ ചിത്രത്തിന്‍റെ ആദ്യ റിലീസിന്‍റെ സമയത്ത് ഫൈനല്‍ ഔട്ടില്‍ ഒഴിവാക്കിയ മൂന്ന് രംഗങ്ങളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.
സിബി മലയിലിന്‍റെ വാക്കുകള്‍- “ഈ സിനിമയില്‍ നിന്ന് ഒരു മൂന്ന് സീന്‍ ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴല്ല, അന്ന്. വര്‍ക്ക് കഴിഞ്ഞ് ഫൈനല്‍ ഔട്ട് എടുത്ത് ഞങ്ങള്‍ മാത്രമായി ചെന്നൈയിലെ തിയറ്ററില്‍ അന്ന് ഫസ്റ്റ് കോപ്പി കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ലോഹിയോട് പറഞ്ഞു. ലോഹീ, ഇതിനകത്തുനിന്ന് ഒരു മൂന്ന് സീന്‍ മാറ്റിയാലും നമുക്ക് കുഴപ്പമില്ല. അത് ആവശ്യമില്ല. ജഗതിയുടെ ചേട്ടന്‍റെ ഒരു ക്യാരക്റ്റര്‍ ഉണ്ടായിരുന്നു. ചേട്ടന്‍റെ വീട്ടില്‍ ഇയാള്‍ ഭാര്യയുമായിട്ട് പോയി അവിടെനിന്ന് ഭക്ഷണം കഴിക്കുന്ന സീനൊക്കെ ഉണ്ടായിരുന്നു. ഈ ചേട്ടന് ഒരു ചായക്കടയുണ്ട്. ചേട്ടന്‍റെ വരുമാനത്തിന്‍റെ ഒരു പങ്കും പറ്റി ഇയാളുടെ സ്വന്തം ജോലി കളഞ്ഞിട്ട് ഇവിടെവന്ന് ഇങ്ങനെ പറ്റിക്കൂടി നില്‍ക്കുന്ന ഒരു മനുഷ്യനാണ്.”
“ചേട്ടന്‍റെ ചായക്കടയിലെ രണ്ട് മൂന്ന് സീനും വീട്ടിലെ ഒരു സീനും അങ്ങനെ മൂന്ന് സീന്‍ ഉണ്ടായിരുന്നു. സിനിമയുടെ ടോട്ടാലിറ്റിയില്‍ ഈ മൂന്ന് സീന്‍ ആവശ്യമില്ലെന്ന് ഫസ്റ്റ് കോപ്പി കാണുമ്പോഴാണ് തീരുമാനം എടുക്കുന്നത്. ഒരു തിരക്കഥയില്‍ നിന്ന് സാധാരണ എന്തെങ്കിലുമൊന്ന് എടുത്ത് മാറ്റിയാല്‍ അത് ചീട്ടുകൊട്ടാരം പോലെ വീഴാം. പക്ഷേ ഈ സീനുകള്‍ അതിന്‍റെ പ്രധാന ഘടനയെ ബാധിക്കാതെ മാറ്റിക്കൊണ്ടാണ് അത് ചെയ്തത്. പക്ഷേ മറ്റെവിടെയും തൊടാന്‍ പറ്റില്ല. എവിടെ തൊട്ടാലും ഇത് ചീട്ടുകൊട്ടാരമാണ്”, സിബി മലയില്‍ പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറയുന്നത്.

