"ഞാന്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ അത് പരാജയമാവുമായിരുന്നില്ല"

മലയാളി സിനിമാപ്രേമി എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ദിഖ്. തുടക്കത്തില്‍ ഇരട്ട സംവിധായകരില്‍ ഒരാളായി ലാലിനൊപ്പവും പിന്നീട് തനിച്ചും. എന്നാല്‍ അദ്ദേഹത്തിന്‍റേതായി ഏറ്റവുമൊടുവില്‍ ഇറങ്ങിയ ചില ചിത്രങ്ങള്‍ക്ക് ആ വിജയം ആവര്‍ത്തിക്കാനായില്ല. അതില്‍ ഏറ്റവും വലിയ പരാജയമായത് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദര്‍ എന്ന ചിത്രമായിരുന്നെന്ന് സിദ്ദിഖ് തന്നെ പറയുന്നു. പരാജയത്തെക്കുറിച്ച് പിന്നീട് ആലോചിച്ചപ്പോള്‍ പാളിച്ച സംഭവിച്ചത് എവിടെയാണെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പറയുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് സംവിധായകന്‍ മനസ് തുറക്കുന്നത്.

സിദ്ദിഖിന്‍റെ വിലയിരുത്തല്‍

എന്‍റെ സിനിമകളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ സിനിമകളില്‍ ഒന്നായിരുന്നു ബിഗ് ബ്രദര്‍. സാമ്പത്തിക നഷ്ടം വരെ എന്‍റെ കമ്പനിക്ക് ഉണ്ടായ സിനിമയാണ്. എവിടെയാണ് ഈ സിനിമയുടെ പിശകെന്ന് പിന്നീട് ഞാന്‍ ആലോചിച്ചു. ഹിന്ദിയിലേക്ക് ഈ സിനിമ ഡബ്ബ് ചെയ്തപ്പോള്‍ വലിയ പ്രതികരണമാണ് അവിടുത്തെ പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. യുട്യൂബിലൊക്കെ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്‍റുകള്‍ ഉണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് സിനിമ സംബന്ധിച്ചുള്ള ഒരു പ്രധാന പ്രശ്നം മനസിലായത്. ഈ കഥ നടക്കുന്നത് കേരളത്തിലാണ് എന്ന രീതിയിലാണ് നമ്മുടെ പ്രേക്ഷകര്‍ ഈ സിനിമയെ കണ്ടത്. ശരിക്കും ഈ കഥ നടക്കുന്നത് ബംഗളൂരുവിലാണ്. പക്ഷേ ആ സിനിമയുടെ ബഹുഭൂരിപക്ഷം സീക്വന്‍സുകളും കേരളത്തില്‍ തന്നെയാണ് ഞാന്‍ ഷൂട്ട് ചെയ്തത്. അത് എന്‍റെ മിസ്റ്റേക്ക് ആയിരുന്നു. 

ALSO READ : റാം ഓടിച്ചെത്തിയ 'റാം'; മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീം ലണ്ടനില്‍

അപ്പോള്‍ എന്ത് സംഭവിച്ചു എന്നു വച്ചാല്‍ ഇത് കേരളത്തില്‍ നടക്കുന്ന ഒരു കഥയായി ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാതെയായി. നാട്ടില്‍ നടക്കുന്ന ഒരു കഥയായാണ് അവര്‍ ഇതിനെ കണ്ടത്. പക്ഷേ സിനിമയില്‍ അത്തരമൊരു പശ്ചാത്തലവും അവര്‍ക്ക് കാണാനായില്ല. അപ്പോള്‍ ഒരു അവിശ്വസനീയത ആ കഥയില്‍ ഉടനീളം വന്നുപെട്ടു. ഞാന്‍ ബോംബെയിലോ അല്ലെങ്കില്‍ കര്‍ണാടകയില്‍ തന്നെയോ മുഴുവന്‍ സിനിമയും ഷൂട്ട് ചെയ്യണമായിരുന്നു. അങ്ങനെ ആയിരുന്നുവെങ്കില്‍ ഇത്തരമൊരു വിധിയാവില്ല ആ സിനിമയ്ക്ക് ഉണ്ടാവുമായിരുന്നത്. ആ സിനിമയുടെ പ്രധാന മിസ്റ്റേക്ക് അതു തന്നെയാണ്. അല്ലെങ്കില്‍ അതൊരു പരാജയചിത്രം ആവേണ്ടിയിരുന്ന സിനിമയല്ല. കാരണം എല്ലാ ചേരുവകളും അതിലുണ്ട്. ഫൈറ്റ്, ഇമോഷന്‍സ്, ഹ്യൂമര്‍.. അത്യാവശ്യം എല്ലാമുള്ള സിനിമയാണ്. ഞാന്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ അത് പരാജയമാവുമായിരുന്നില്ല. പിന്നീടാണ് എനിക്കത് മനസിലായത്.