അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് ഡൊണാള്‍ഡ് ട്രംപുമായി അഭിമുഖം നടത്താനാഗ്രഹമുണ്ടെന്ന തരത്തിലുള്ള ട്വീറ്റിലൂടെയാണ് മോദി -അക്ഷയ് അഭിമുഖത്തെ യുവതാരം പരിഹസിക്കുന്നത്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും വലിയ വിമര്‍ശകരുടെ നിരയിലാണ് തമിഴ് യുവനടന്‍ സിദ്ധാര്‍ത്ഥിന്‍റെ സ്ഥാനം. വിമര്‍ശനങ്ങളില്‍ ട്രോള്‍ കൂട്ടിക്കലര്‍ത്താറുണ്ടെന്നതാണ് മറ്റൊരു കാര്യം. അക്ഷയ്‍കുമാറുമൊത്തുള്ള മോദിയുടെ അഭിമുഖത്തെ വ്യത്യസ്തമായ രീതിയില്‍ ട്രോളിയാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് ഡൊണാള്‍ഡ് ട്രംപുമായി അഭിമുഖം നടത്താനാഗ്രഹമുണ്ടെന്ന തരത്തിലുള്ള ട്വീറ്റിലൂടെയാണ് മോദി -അക്ഷയ് അഭിമുഖത്തെ യുവതാരം പരിഹസിക്കുന്നത്. തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ അഭിമുഖം നടത്താന്‍ തയ്യാറാണെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് പിന്നീടാണ് മോദിക്കെതിരെ പരിഹാസശരം അഴിച്ചുവിട്ടിരിക്കുന്നത്.
'എനിക്ക് നിങ്ങളോട് നിര്‍ണായകമായ നിരവധി ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്, നിങ്ങള്‍ പഴങ്ങള്‍ കഴിക്കുന്നതെങ്ങനെയാണ്, ഉറക്കം, ജോലിചെയ്യുന്ന രീതി, ഒപ്പം മനോഹരമായ സ്വഭാവം എന്നിവയെക്കുറിച്ചെല്ലാമാണ് എനിക്ക് അറിയാനുള്ളത്, എന്‍റെ കയ്യില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ട്' എന്ന് കുറിച്ചിട്ടുള്ള സിദ്ധാര്‍ത്ഥ് ഡൊണാള്‍ഡ് ട്രംപിനെ മെന്‍ഷന്‍ ചെയ്യാനും മറന്നില്ല.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന 'പിഎം നരേന്ദ്രമോദി' എന്ന സിനിമയെ പരിഹസിച്ചും സിദ്ധാര്‍ഥ് രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ പരിഹാസവുമായി സിദ്ധാര്‍ഥ് രംഗത്തെത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റയ്ക്ക് തൂത്തെറിഞ്ഞ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മോദിജിയെ ഈ ട്രെയ്‌ലറില്‍ ചിത്രീകരിക്കുന്നില്ലെന്നായിരുന്നു പരിഹാസം. ഇത് കമ്മികളുടെയും നക്‌സലുകളുടെയും 'നെഹ്രു'വിന്റെയും വിലകുറഞ്ഞ തന്ത്രമാണെന്ന് തോന്നുന്നുവെന്നും പരിഹാസരൂപേണ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.
റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്രത്തിന്റെ വാദത്തെ പരിഹസിച്ചും സിദ്ധാര്‍ത്ഥ് ശ്രദ്ധനേടിയിരുന്നു. സ്കൂളില്‍ വെച്ച് തന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നെന്നായിരുന്നു ട്വിറ്ററിലൂടെ താരം അന്ന് പരിഹസിച്ചത്.
