തന്‍റെ സ്വപ്ന പ്രോജക്ട് എന്ന് വിനയന്‍ പറഞ്ഞിരിക്കുന്ന ചിത്രം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ച് വിനയന്‍. കായംകുളം കൊച്ചുണ്ണിയെയും നങ്ങേലിയെയുമൊക്കെ സ്ക്രീനിലെത്തിക്കുന്ന ചിത്രത്തില്‍ പക്ഷേ നായക സ്ഥാനത്ത് നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയിരിക്കും. യുവനടന്‍ സിജു വില്‍സണ്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന അന്‍പതോളം മറ്റു താരങ്ങളെ വിനയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വിനയന്‍ പറയുന്നു

'പത്തൊൻപതാം നൂറ്റാണ്ടി'ലെ നായകൻ ഒഴിച്ചുള്ള അൻപതോളം താരങ്ങളെ ഞാൻ എന്‍റെ പ്രിയ സുഹൃത്തുക്കളെ ഇതിനു മുൻപു പരിചയപ്പെടുത്തിയിരുന്നു. നായകവേഷം മലയാളത്തിലെ ഒരു യുവ നടൻ ചെയ്യുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്. ഇന്നിതാ ആ ആകാംക്ഷയ്ക്ക് വിരാമമിടുന്നു. സിജു വിൽസൺ ആണ് 19-ാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി സിജു ഈ വേഷത്തിനായി കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിക്കുന്നു. ഈ യുവനടന്‍റെ കരിയറിലെ ഒരു വലിയ നാഴികക്കല്ല് ആയിരിക്കും ഈ കഥാപാത്രം. നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ അനുഗ്രഹം സിജു വിൽസണും എന്‍റെ ടീമിനും ഉണ്ടാകുമല്ലോ? സ്നേഹാദരങ്ങളോടെ നിർത്തട്ടെ.

തന്‍റെ സ്വപ്ന പ്രോജക്ട് എന്ന് വിനയന്‍ പറഞ്ഞിരിക്കുന്ന ചിത്രം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കദായു, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.