എസ്.ടി.ആർ 50 എന്ന തന്റെ അമ്പതാമത് ചിത്രത്തിൽ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സിലംബരശൻ വെളിപ്പെടുത്തി.
ചെന്നൈ: നടൻ സിലംബരശൻ കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന തന്റെ പുതിയ ചിത്രമായ 'തഗ് ലൈഫ്' ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷന്‍ പരിപാടിയിലാണ്. ചിത്രത്തിന്റെ പ്രമോഷനിടെ താൽക്കാലികമായി 'എസ്.ടി.ആർ 50' എന്ന് പേരിട്ടിരിക്കുന്ന തന്റെ അടുത്ത പ്രോജക്റ്റിനെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ സിമ്പു വെളിപ്പെടുത്തി.
ചിത്രത്തില്‍ ഒരു സ്ത്രീ സ്വഭാവമുള്ള കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നാണ് താരം പറഞ്ഞത്. ബിഹൈൻഡ്‌വുഡിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു, "സിനിമയിൽ സ്ത്രീ സ്വഭാവമുള്ള ഒരു വേഷമുണ്ട്. അതിനെ എങ്ങനെ സമീപിക്കണമെന്ന് മനസ്സിലാക്കാൻ ഞങ്ങൾ കമൽഹാസന്‍ സാറുമായി അതിനെക്കുറിച്ച് ചർച്ച ചെയ്തു. ഇതുപോലുള്ള വ്യത്യസ്തമായ എന്തെങ്കിലും ലഭിക്കുമ്പോൾ മാത്രമേ ഒരു നടന് തന്റെ യഥാർത്ഥ കഴിവ് കാണിക്കാൻ കഴിയൂ." സിമ്പു പറഞ്ഞു.
തന്റെ 50-ാമത്തെ ചിത്രമായ ഈ ചിത്രം തന്റെ സ്വന്തം ബാനറായ ആറ്റ്മാൻ സിനി ആർട്‌സിനു കീഴിലാണ് നിർമ്മിക്കുന്നത് എന്നും താരം പറഞ്ഞു. താൻ എന്തുകൊണ്ടാണ് നിർമ്മാതാവായതെന്ന് തുറന്നുപറഞ്ഞുകൊണ്ട് സിമ്പു വിശദീകരിച്ചു, "സ്വയം നിർമ്മാണം നടത്തുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. വിട്ടുവീഴ്ചകളില്ലാതെ നമ്മൾ സങ്കൽപ്പിക്കുന്ന തരത്തിലുള്ള സിനിമ എനിക്ക് സൃഷ്ടിക്കാൻ അത് വഴി കഴിയും."
രസകരമായ കാര്യം 'എസ്.ടി.ആർ 50' 2023-ൽ കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രമായാണ് പ്രഖ്യാപിച്ചത്. പിന്നീട് ഈ പ്രോജക്റ്റ് ഉപേക്ഷിക്കപ്പെട്ടു. ‘തഗ് ലൈഫി’ന് വേണ്ടി ഞങ്ങൾക്ക് എസ്ടിആറിനെ വേണമായിരുന്നു, അതിനാൽ ഞങ്ങൾ മുമ്പത്തെ പ്രോജക്റ്റ് ഉപേക്ഷിച്ചു. അവർക്ക് ഇപ്പോഴും അത് ചെയ്യാൻ കഴിയും, അതൊരു മനോഹരമായ കഥയാണ്.” എന്നാണ് ഇതേ അഭിമുഖത്തില്‍ ഈ പ്രൊജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് കമല്‍ഹാസന്‍ പറഞ്ഞത്.
ദീർഘകാല സിമ്പു ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ യുവൻ ശങ്കർ രാജയുമായി വീണ്ടും സിമ്പു ഒന്നിക്കുന്ന എന്ന പ്രത്യേകതയും ‘എസ്ടിആര്‍ 50’നുണ്ട്. ഡെന്‍സിംഗ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോജ് പരമഹംസയെ ഛായാഗ്രാഹകനായും പ്രവീണിനെ എഡിറ്റിംഗിനും എത്തും. മറ്റ് താരങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല.


