സംവിധായകൻ വെട്രിമാരനും നടൻ സിമ്പുവും ആദ്യമായി ഒന്നിക്കുന്ന 'അരസൻ' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. വെട്രിമാരൻ്റെ 'വടചെന്നൈ' യൂണിവേഴ്സിൻ്റെ ഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്.

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. ആടുകളം, വടചെന്നൈ, അസുരൻ, വിസാരണൈ, വിടുതലൈ തുടങ്ങീ മികച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വെട്രിമാരന്റെ പുതിയ ചിത്രം സിമ്പുവുമായി ചേർന്നാണ്. സിമ്പുവും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിടുകയുണ്ടായി. 'അരസൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വടചെന്നൈ യൂണിവേഴ്‌സിൽ വരുന്ന ചിത്രമാണ്. കൈയിൽ വടിവാളേന്തിയ സിമ്പുവിന്റെ ചിത്രമാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്.

വടചെന്നൈ യൂണിവേഴ്‌സ്

വടചെന്നൈ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അരസൻ പ്രതീക്ഷ നൽകുന്ന ഒന്നാണ്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമ്മിക്കുന്നത്. സിമ്പുവിന്റെ നായികയായി സായ് പല്ലവിയാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. വീണ്ടും വടക്കൻ ചെന്നൈയിലെ അധോലോക കഥയുമായി വെട്രിമാരൻ എത്തുമ്പോൾ തമിഴ് സിനിമയിലെ മറ്റൊരു ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് തുടക്കമാവുന്നത്. റിയലിസ്റ്റിക് ആഖ്യാന ശൈലിയിൽ വളരെ വലിയ ബഡ്ജറ്റിലാവും ചിത്രമൊരുങ്ങുക എന്നും റിപ്പോർട്ടുകളുണ്ട്.

Scroll to load tweet…

ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘വെണ്ടു തനിന്തതു കാട്’ (2022) എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, വെട്രിമാരന്‍റെ റിയലിസ്റ്റിക് ആഖ്യാന ശൈലിയില്‍ എസ്.ടി.ആറിന്‍റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്‍റെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം വിജയ് സേതുപതി നായകനായി എത്തിയ വിടുതലൈ പാർട്ട് 2 ആയിരുന്നു വെട്രിമാരന്റേതായി അവസാനമിറങ്ങിയ ചിത്രം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം വാടിവാസൽ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.

YouTube video player