രംഗനാഥന്റെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച ഒരു ചടങ്ങിൽ കുടുംബാഗങ്ങളെല്ലാം കളർഫുള്ളായ, വില കൂടിയ വസ്ത്രങ്ങളാണ് ധരിച്ചതെന്നു ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയർന്നിരുന്നു.
അടുത്തിടെയാണ് നടനും ബിജെപി നേതാവുമായ കൃഷ്‍ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്‍ണയുടെ പിതാവ് എസ്. രംഗനാഥൻ അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രംഗനാഥന്റെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച ഒരു ചടങ്ങിൽ കുടുംബാഗങ്ങളെല്ലാം കളർഫുള്ളായ, വില കൂടിയ വസ്ത്രങ്ങളാണ് ധരിച്ചതെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാമുള്ള മറുപടി സിന്ധു കൃഷ്‍ണ പുതിയ വ്ളോഗിലൂടെ നൽകുന്നുണ്ട്. അന്നു നടന്നത് സഞ്ചയനം ആയിരുന്നില്ലെന്നും മരിച്ചവരുടെ ഓർമയിൽ കരഞ്ഞു നിലവിളിക്കാതെ, അവർ ജീവിച്ചിരുന്നപ്പോൾ നമുക്ക് നൽകിയ മനോഹരമായ നിമിഷങ്ങളെ ഓർക്കാനുള്ള ഒരു മുഹൂർത്തമായിട്ടാണ് ആ ചടങ്ങ് സംഘടിപ്പിച്ചതെന്നും സിന്ധു കൃഷ്‍ണ പറയുന്നു.
''സഞ്ചയനം വീട്ടിലായിരുന്നു. അതിൽ പങ്കെടുക്കാൻ ബന്ധുക്കളൊക്കെ വന്നിരുന്നു. അതിനെല്ലാം ശേഷം അമ്മുവിനോട് (അഹാന) ആണ് ഇങ്ങനെയൊരു പരിപാടി നടത്തിയാലോ എന്ന് ചോദിച്ചത്. വെസ്റ്റേൺ രാജ്യങ്ങളിലും നോർത്തിലുമൊക്കെ ഇങ്ങനെയുള്ള ചടങ്ങുകൾ ഞാൻ കണ്ടിട്ടുണ്ട്. ഇവിടെ അധികം കണ്ടിട്ടില്ല. ഡാഡിയുടെ കൂടെ എല്ലാ ദിവസം ഒരുമിച്ചുണ്ടായിരുന്നവരാണ് അവിടെ വന്നത്. ഡാഡിയുടെ കുറച്ച് ഫോട്ടോയും, വീഡിയോകളുമൊക്കെ കാണിച്ചിരുന്നു. കരഞ്ഞ് ബഹളം വച്ചിരിക്കാതെ, പുഞ്ചിരിയോടെ എല്ലാവരും ഡാഡിക്കുറിച്ചോർക്കുന്നു, അദ്ദേഹത്തെക്കുറിച്ച് പറയുന്നു, അങ്ങനെയാണ് ആ ചടങ്ങ് സംഘടിപ്പിച്ചത്.
ഡാഡിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ഈ ഹോട്ടൽ. അവിടുത്തെ സദ്യയും ഡാഡിക്ക് വലിയ പ്രിയമായിരുന്നു. ഡാഡി പല വേഷങ്ങളിൽ ഫോട്ടോകൾക്കും വീഡിയോകൾക്കും അവിടെ വച്ച് പോസ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെവെച്ച് ഡാഡിയെ സ്മരിക്കുമ്പോൾ ഡാഡിയുടെ ആത്മാവ് ഞങ്ങളോടൊപ്പമുണ്ടാകുമെന്നും ഡാഡി അത് ആസ്വദിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ ചിരിച്ചു കണ്ടാലേ ഡാഡിക്ക് സന്തോഷമാവുകയുള്ളൂ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു'', സിന്ധു കൃഷ്‍ണ വീഡിയോയിൽ പറഞ്ഞു.
