'നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം', മകളോട് കെ എസ് ചിത്ര.

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര (K S Chithra). കെ എസ് ചിത്രയുടെ മകള്‍ നന്ദനയും (Nandana) മലയാളികളുടെ ഓര്‍മയില്‍ എന്നുമുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കെ എസ് ചിത്രയ്‍ക്ക് ജനിച്ച മകള്‍ക്ക് ആയുസ് അധികമുണ്ടായിരുന്നില്ല. നന്ദനയുടെ ജന്മദിനത്തില്‍ ഇപോള്‍ കെ എസ് ചിത്ര മകളുടെ ഓര്‍മകളുമായി സാമൂഹ്യമാധ്യമത്തില്‍ കുറിപ്പ് എഴുതിയിരിക്കുകയാണ്.

എന്നും ചിരിച്ചുകൊണ്ടു കാണുന്ന കെ എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകള്‍ നന്ദനയുടെ മരണം. വിജയ ശങ്കര്‍- കെ എസ് ചിത്ര ദമ്പതിമാര്‍ക്ക് ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മകള്‍ നന്ദന ജനിച്ചത്. ഒമ്പത് വയസ് തികയും മുന്നേ മരണപ്പെടുകയും ചെയ്‍തു. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം. നന്ദനയുടെ ഓര്‍മകള്‍ നിധി പോലെ സൂക്ഷിച്ചാണ് കെ എസ് ചിത്രയുടെ ജീവിതം. നന്ദനയെ കുറിച്ചുള്ള ഓര്‍മകള്‍ എത്തുമ്പോള്‍ എന്നും കെ എസ് ചിത്ര പറയുന്ന വാക്കുകളാണ് ഇന്നും പങ്കുവെച്ചിരിക്കുന്നത്. നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ നിധി പോലെയാണ് ഞങ്ങള്‍ക്കെന്നും. ഞങ്ങള്‍ക്ക് നിന്നോടുള്ള സ്‍നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ നഷ്‍ടം അളക്കാനാവാത്തതാണ്. സന്തോഷം ജന്മദിനം നന്ദന എന്നുമാണ് കെ എസ് ചിത്ര എഴുതിയിരിക്കുന്നത്.

View post on Instagram

കെ എസ് ചിത്ര അടുത്തിടെ യുഎഇയുടെ ഗോള്‍ഡൻ വിസ സ്വീകരിച്ചിരുന്നു. യുഎയുടെ ഗോള്‍ഡൻ വിസ സ്വീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് കെ എസ് ചിത്ര പറഞ്ഞിരുന്നു. ഗോള്‍ഡൻ വിസ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും കെ എസ് ചിത്ര പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് കെ എസ് ചിത്രയ്‍ക്ക് ആശംസകളുമായി എത്തിയത്.

കെ എസ് ചിത്രയെ രാജ്യം പത്മ ഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആറ് തവണ കെ എസ് ചിത്ര മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. കെ എസ് ചിത്രയ്‍ക്ക് 11 തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 'എന്റെ കാണാക്കുയില്‍', 'നിറക്കൂട്ട്', 'നക്ഷത്രങ്ങള്‍', 'ഈണം മറന്ന കാറ്റ്', 'എഴുതാപ്പുറങ്ങള്‍', 'വൈശാലി', 'ഒരു വടക്കൻ വീരഗാഥ', 'മഴവില്‍ക്കാവടി', 'ഞാൻ ഗന്ധര്‍വൻ', 'ഇന്നലെ', 'കേളി', 'സാന്ത്വനം', 'സവിധം', 'സോപോനം', 'ചമയം', 'ഗസല്‍', 'പരിണയം', 'ദേവരാഗം' എന്നീ സിനിമകളിലെ ഗാനത്തിനാണ് കെ എസ് ചിത്രയ്‍ക്ക് കേരള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്.