ഗായിക വാണി ജയറാമിന്റെ മരണത്തില്‍ അനുശോചിച്ച് കെ എസ് ചിത്ര.

പ്രിയപ്പെട്ട ഗായിക വാണി ജയറാമിന്റെ മരണ വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് രാജ്യം. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം. മികച്ച പിന്നണി ഗായികയ്‍ക്കുള്ള ചലച്ചിത്ര അവാര്‍ഡ് മൂന്ന് തവണ നേടിയിട്ടുണ്ട്. വലിയ ഞെട്ടലോടെയാണ് താൻ വാണിയുടെ മരണ വാര്‍ത്ത കേട്ടത് എന്ന് ഗായിക കെ എസ് ചിത്ര പറഞ്ഞു.

വലിയ ഞെട്ടലോടെയും വിശ്വസിക്കാനാകാതെയുമാണ് ഞാൻ മരണ വാര്‍ത്ത കേട്ടത്. രണ്ട് ദിവസം മുമ്പ് സംസാരിച്ചതേയുള്ളൂ. ചെന്നൈയില്‍ ജനുവരി 28ന് നടന്ന സംഗീത പരിപാടിയില്‍ അവര്‍ മുഖ്യാതിഥിയായിരുന്നു. യഥാര്‍ഥ ഇതിഹാസം. വൈവിധ്യമാര്‍ന്നതും ക്ലാസിക്കല്‍ അടിത്തറയുള്ള ബഹുഭാഷ ഗായികയും ആയിരുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നും കെ എസ് ചിത്ര എഴുതി. വാണി ജയറാമിന് ഒപ്പമുള്ള ഒരു ഫോട്ടോയും കെ എസ് ചിത്ര പങ്കുവെച്ചിട്ടുണ്ട്. മധു ബാലകൃഷ്‍ണനെയും ഫോട്ടോയില്‍ കാണാം.

View post on Instagram

കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി ആർ ബാലസുബ്രഹ്‍മണ്യൻ, ആർ എസ് മണി എന്നിവര്‍ കർണാടക സംഗീതത്തിലും ഉസ്‍താദ് അബ്‍ദുള്‍ റഹ്‍മാൻ ഹിന്ദുസ്ഥാനിയിലും വാണിയുടെ ഗുരുക്കന്മാരായി. 1971ൽ പുറത്തിറങ്ങിയ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്‍തയായത്. വസന്ത് ദേശായി ആയിരുന്നു ചിത്രത്തിന് സംഗീതം പകര്‍ന്നത്. ചിത്രഗുപ്‍ത്, നൗഷാദ് , മദൻ മോഹൻ, ഒ പി നയ്യാർ, ആർ ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്‍മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയ ഇതിഹാസ സംഗീതജ്ഞരുടെ സിനിമകളില്‍ വാണി ജയറാം പാടിയിട്ടുണ്ട്.

വാണി 'സ്വപ്‍നം' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ആദ്യമായി എത്തുന്നത്. സലില്‍ ചൗധരിയായിരുന്നു സംഗീത സംവിധാനം. ഒഎൻവി കുറുപ്പായിരുന്നു വരികള്‍ എഴുതിയത്. 'ഏതോ ജന്മകൽപനയിൽ', 'വാൽക്കണ്ണെഴുതി വനപുഷ്‍പം ചൂടി', 'ഓലഞ്ഞാലിക്കുരുവി', 'തിരയും തീരവും', 'ചൊല്ലൂ ചൊല്ലൂ തുമ്പി', 'തിരുവോണപ്പുലരിതൻ' തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ മലയാളത്തില്‍ വാണി ജയറാം പാടിയിട്ടുണ്ട്.

Read More: അജിത്തിന്റെ പേര് നീക്കം ചെയ്‍തു, സംവിധായകൻ വിഘ്‍നേശ് ശിവൻ 'എകെ 62'ന് ഒപ്പമില്ല