ചെന്നൈ: ശബരിമലയിൽ യുവതീ പ്രവേശ വിധി ഇപ്പോള്‍ നിലനില്‍ക്കുന്നെങ്കിലും ഇത് വിശാല ബെഞ്ച് പരിഗണിക്കും എന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. അതിനിടെ ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ഗായകന്‍ കെജെ യേശുദാസ് രംഗത്ത്. ശബരിമലയിലെത്തുന്ന അയ്യപ്പന്മാര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യമുണ്ടാകും എന്നാണ് യേശുദാസ് ഇതിനെതിരായി ഉയര്‍ത്തുന്ന വാദം.  ചെന്നൈയില്‍ ഒരു സംഗീത പരിപാടിക്ക് എത്തിയപ്പോഴാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് യേശുദാസ് മറുപടി നല്‍കിയത്.

''സുന്ദരിയായ ഒരു സ്ത്രീയാണെന്ന് കരുതൂ, ഒരു വ്യത്യാസവും സംഭവിക്കില്ല. അയ്യപ്പന്‍ കണ്ണ് തുറന്ന് നോക്കുകയൊന്നുമില്ല. എന്നാല്‍ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പന്മാര്‍ സ്ത്രീകളെ കാണും. അത് മനസ്സിന് ചാഞ്ചല്യമുണ്ടാക്കും. ഉദ്ദേശം മാറിപ്പോകും. അതുകൊണ്ടാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകണ്ട എന്ന് പറയുന്നത്. വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്. സ്ത്രീകള്‍ക്ക് അവിടെയൊക്കെ പോകാമല്ലോ'' എന്നാണ് യേശുദാസ് പറഞ്ഞത്.