വാണി പാടി തീര്‍ന്നയുടൻ അദ്ദേഹം പറഞ്ഞു, 'നാളെ ഞാൻ പഠിപ്പിക്കാൻ വരും'- അഭിമുഖം കാണാം
ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ തീരുമാനിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തുന്ന അഭിമുഖത്തിന്റെ വീഡിയോ.

ഭാഷാഭേദമന്യേ ഇന്ത്യ എന്നും ഓര്‍ക്കുന്ന ചലച്ചിത്ര ഗാനങ്ങള്‍ പാടിയ വാണി ജയറാം വിടവാങ്ങിയിരിക്കുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം. മികച്ച പിന്നണി ഗായികയ്‍ക്കുള്ള ചലച്ചിത്ര അവാര്‍ഡ് മൂന്ന് തവണ നേടിയിട്ടുണ്ട്. കര്‍ണാടക സംഗീതത്തിനു പുറമേ ഹിന്ദുസ്ഥാനിയിലും പ്രാവീണ്യമുണ്ടായിരുന്ന വാണി തന്റെ പഠനം എങ്ങനെയായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിന് 2012ല്‍ നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.
ടി എൻ ഗോപകുമാറിന്റെ ഓണ്‍ റെക്കോര്‍ഡ് എന്ന അഭിമുഖ പരിപാടിയിലായിരുന്നു വാണി ജയറാം സംഗീത പഠനത്തെ കുറിച്ച് മനസ് തുറന്നത്. ജയറാമുമായുള്ള വിവാഹം കഴിഞ്ഞ് ബോംബെയിലെത്തിയതോടെയാണ് താൻ ഹിന്ദുസ്ഥാനി സംഗീത പഠനത്തിലേക്ക് തിരിഞ്ഞതെന്ന് വാണി ജയറാം അഭിമുഖത്തില്‍ ഓര്‍ക്കുന്നു. ഭര്‍ത്താവ് പണ്ഡിറ്റ് രവിശങ്കറിനറെ കിന്നറ സ്‍കൂളില്‍ സിത്താര്‍ പഠനം നടത്തുന്നുണ്ടായിരുന്നു. നിന്റെ ശബ്‍ദം മനോഹരമാണെല്ലോ ഹിന്ദുസ്ഥാനി സംഗീതം പരിശീലിച്ചുകൂടേയെന്ന് ഭര്‍ത്താവാണ് ആദ്യം ചോദിക്കുന്നത്. അദ്ദേഹവും അദ്ദേഹത്തിന്റെ സിത്താര്‍ ഗുരു ഉസ്‍താദ് അബ്‍ദുള്‍ റഹ്‍മാൻ സാറും ഇക്കാര്യത്തെ കുറിച്ച് പറഞ്ഞു. എന്നോട് ഒരു പാട്ട് പാടാൻ ഉസ്‍താദ് അബ്‍ദുള്‍ റഹ്‍മാൻ സാര്‍ ആവശ്യപ്പെട്ടു. ഞാൻ ദീക്ഷിതര്‍ കീര്‍ത്തനമായ 'രാമനാഥം ഭജേഹ'മാണ് അപ്പോള്‍ പാടിയത്. ഉസ്‍താദ് കണ്ണടച്ച് പാട്ട് കേട്ടു. പാട്ടു കഴിഞ്ഞപ്പോള്‍ എന്നോട് അദ്ദേഹം പറഞ്ഞു, ഞാൻ നാളെ നിന്നെ പഠിപ്പിക്കാൻ വരുന്നൂവെന്ന്. പിറ്റേദിവസം രാവിലെ 10 മണിക്ക് തന്നെ അദ്ദേഹം എത്തി. അന്ന് രാവിലെ മുതല്‍ ഏകദേശം വൈകുന്നേരം ആറു വരെ പഠനം നീണ്ടു. പെട്ടെന്ന് മനസിലാക്കുന്നു എന്നത് എന്നെ പഠിപ്പിക്കാൻ അദ്ദേഹത്തിന് ആവേശം നല്‍കി. മികച്ച ഒരു ഗുരുവായിരുന്നു അദ്ദേഹം എന്നും വാണി ജയറാം പറയുന്നു.
കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി ആർ ബാലസുബ്രഹ്‍മണ്യൻ, ആർ എസ് മണി എന്നിവരായിരുന്നു കർണാടക സംഗീതത്തില്‍ വാണിയുടെ ഗുരുക്കന്മാർ. 1971ൽ പുറത്തിറങ്ങിയ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്‍തയായത്. വസന്ത് ദേശായി ആയിരുന്നു ചിത്രത്തിന് സംഗീതം പകര്‍ന്നത്. ചിത്രഗുപ്‍ത്, നൗഷാദ് , മദൻ മോഹൻ, ഒ പി നയ്യാർ, ആർ ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്‍മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയ ഇതിഹാസ സംഗീതജ്ഞരുടെ സിനിമകളില്‍ വാണി ജയറാം പാടിയിട്ടുണ്ട്.
വാണി 'സ്വപ്‍നം' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ആദ്യമായി എത്തുന്നത്. സലില്‍ ചൗധരിയായിരുന്നു സംഗീത സംവിധാനം. ഒഎൻവി കുറുപ്പായിരുന്നു വരികള്‍ എഴുതിയത്. 'ഏതോ ജന്മകൽപനയിൽ', 'വാൽക്കണ്ണെഴുതി വനപുഷ്‍പം ചൂടി', 'ഓലഞ്ഞാലിക്കുരുവി', 'തിരയും തീരവും', 'ചൊല്ലൂ ചൊല്ലൂ തുമ്പി', 'തിരുവോണപ്പുലരിതൻ' തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ മലയാളത്തില്‍ വാണി ജയറാം പാടിയിട്ടുണ്ട്.
അജിത്തിന്റെ പേര് നീക്കം ചെയ്‍തു, സംവിധായകൻ വിഘ്‍നേശ് ശിവൻ 'എകെ 62'ന് ഒപ്പമില്ല