കൊച്ചി: മലയാള നാടക, സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു ( കെ.ജെ. മുഹമ്മദ് ബാബു-80) അന്തരിച്ചു. കൊച്ചിയിലെ നടകവേദികളില്‍ പ്രധാനിയായിരുന്നു മുഹമ്മദ് ബാബു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നാടകഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം അറുപതുകള്‍ മുതല്‍ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. പിന്നീട് സംഗീത സംവിധാനത്തിലേക്കും തിരിഞ്ഞു. പിജെ തീയേറ്റേഴ്സിന്‍റെ 'ദൈവവും മനുഷ്യരും' എന്ന നാടകത്തിലെ 'ഓപ്പണ്‍ സീറോ വന്നുകഴിഞ്ഞാല്‍ വാങ്ങും ഞാനൊരു മോട്ടോര്‍ കാര്‍' എന്ന ഗാനം ജനപ്രീതി നേടിയതോടെയാണ് 'സീറോ' എന്നത് പേരിനുമുന്നില്‍ കൂട്ടിച്ചേര്‍ത്തത്. 

ആത്തിക്ക ബാബുവാണ് ഭാര്യ. മക്കള്‍: സൂരജ് ബാബു, സുല്‍ഫി ബാബു, സബിത സലാം, ദീപത്ത് നസീര്‍. മരുമക്കള്‍: സുനിത സൂരജ്, സ്മിത സുല്‍ഫി, അബ്ദുല്‍ സലാം, മുഹമ്മദ് നിസാര്‍. കബറടക്കം എറണാകുളം നോര്‍ത്ത് ജുമാ മസ്‍ജിദ് കബര്‍സ്ഥാനില്‍.