രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറെയും ഹിറ്റുകളാണ്

കൊവിഡിനു ശേഷം ബോളിവുഡില്‍ ഭേദപ്പെട്ട വിജയം നേടാനായ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നായിരുന്നു അക്ഷയ് കുമാര്‍ നായകനായ സൂര്യവന്‍ശി. രോഹിത് ഷെട്ടിയായിരുന്നു (Rohit Shetty) സംവിധായകന്‍. ഭീകരവിരുദ്ധ സേനാ തലവന്‍ 'വീര്‍ സൂര്യവന്‍ശി'യായി അക്ഷയ് എത്തിയ ചിത്രത്തില്‍ രോഹിത്ത് ഷെട്ടിയുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളെ രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും ആവര്‍ത്തിച്ചിരുന്നു. 'സിംബ'യിലെ 'സംഗ്രാം സിംബ ബലിറാവു' ആയി രണ്‍വീര്‍ എത്തിയപ്പോള്‍ സിംഗം സിരീസിലെ ബജിറാവു സിംഗമായാണ് അജയ് ദേവ്ഗണ്‍ (Ajay Devgn) എത്തിയത്. ഇപ്പോഴിതാ അജയ് ദേവ്‍ഗണുമൊത്ത് താന്‍ അടുത്തതായി ചെയ്യുന്ന സിനിമയെക്കുറിച്ച് അറിയിച്ചിരിക്കുകയാണ് രോഹിത്. മറ്റൊന്നുമല്ല, സിംഗം സിരീസിലെ മൂന്നാം ചിത്രമാണ് അത് (Singham 3).

ഹരിയുടെ സംവിധാനത്തില്‍ സൂര്യ നായകനായി 2010ല്‍ പുറത്തെത്തിയ സിങ്കത്തിന്‍റെ ഹിന്ദി ഒഫിഷ്യല്‍ റീമേക്ക് രോഹിത് ഷെട്ടി സംവിധാനം ചെയ്‍തത് 2011ല്‍ ആണ്. അജയ് ദേവ്ഗണ്‍ ആയിരുന്നു നായകന്‍. രണ്ടാം ഭാഗമായ സിങ്കം റിട്ടേണ്‍സ് 2014ലും എത്തി. സിങ്കം 3 സംബന്ധിച്ച തയ്യാറെടുപ്പുകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും ചിത്രീകരണം അടുത്ത ഏപ്രിലില്‍ ആരംഭിക്കുമെന്നും പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രോഹിത് ഷെട്ടി പറഞ്ഞു. 

ALSO READ : 'സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേള'; തീരുമാനം പറഞ്ഞ് ലോകേഷ് കനകരാജ്

രണ്‍വീര്‍ സിംഗും പൂജ ഹെഗ്ഡെയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ഡ്രാമ ചിത്രം സര്‍ക്കസ് ആണ് രോഹിത്തിന്‍റെ വരാനിരിക്കുന്ന ചിത്രം. അജയ് ദേവ്ഗണിനും മറ്റ് തിരക്കുകളുണ്ട്. സ്വന്തം കമ്മിറ്റ്മെന്‍റുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാവും ഇരുവരും സിങ്കം 3ലേക്ക് കടക്കുക. അതേസമയം രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലേക്ക് ഒരു ലേഡി ഓഫീസര്‍ വരുന്ന കാര്യം രോഹിത് മുന്‍പ് ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ചിത്രം എപ്പോള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം മറുപടിയൊന്നും പറഞ്ഞിട്ടില്ല. അതേസമയം രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറെയും ഹിറ്റുകളാണ്.