രജനികാന്ത് നായകനാകുന്ന അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്.

തമിഴകത്ത് അടുത്തകാലത്തെ വലിയ ഹിറ്റായിരുന്നു വിശ്വാസം. സിരുത്തൈ ശിവ, അജിത്തിനെ നായകനാക്കി ഒരുക്കിയ വിശ്വാസം 200 കോടി രൂപയ്‍ക്കടുത്താണ് തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. സിനിമയുടെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈൻ തരംഗവുമായിരുന്നു. ഇപ്പോഴിതാ ഒരു സിനിമ പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതാണ്. 'വിശ്വാസ'വും രജനികാന്ത് ചിത്രവും ഒരേസമയമായിരുന്നു റിലീസ് ചെയ്‍തത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. അജിത്തിന്റെ 'വിശ്വാസ'മായിരുന്നു തമിഴ്‍നാട്ടില്‍ രജനി ചിത്രത്തെക്കാളും ഹിറ്റായത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ രജനികാന്ത് ചിത്രവും വൻ ഹിറ്റാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ തന്നെയാകും രജനികാന്ത് ചിത്രവും സിരുത്തൈ ശിവ ഒരുക്കുക. ഗ്രാമങ്ങളിലെ തിയേറ്ററുകളിലെ ജനങ്ങളെ ആകര്‍ഷിക്കുന്ന രജനികാന്ത് ചിത്രങ്ങള്‍ അടുത്തകാലത്ത് വന്നിട്ടില്ല എന്നതും അതിന്റെ കാരണമാണ്. രജനികാന്തിന്റെ കഥാപാത്രം എന്തായിരിക്കും എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. രജനികാന്ത് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുക ഡി ഇമ്മൻ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം എ ആര്‍ മുരുഗോസിന്റെ ദര്‍ബാറാണ് രജനികാന്തിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.