കൊറോണ 19 എന്ന മഹാമാരിയും അതിനെത്തുടര്‍ന്നുള്ള ലോക്ക് ഡൗണും കലാസമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും സമ്മര്‍ദ്ദങ്ങളെക്കുറിച്ചും ഗായിക സിതാര കൃഷ്‍ണകുമാറിന്‍റെ കുറിപ്പ്. കലാകാരന്മാരെക്കുറിച്ച് പറയുമ്പോള്‍ നല്ല സൌകര്യങ്ങളില്‍ ജീവിക്കുന്നവരെക്കുറിച്ചാവും പൊതുസമൂഹം സാധാരണ ചിന്തിക്കുകയെന്നും എന്നാല്‍ അത്തരം ജീവിതം താനുള്‍പ്പെടുന്ന ഈ മേഖലയിലെ ഒരു ചെറുവിഭാഗത്തിനു മാത്രമാണെന്നും സിതാര ഫേസ്ബുക്കില്‍ കുറിച്ചു. രണ്ട് പ്രളയകാലങ്ങളും ഒരു മഹാമാരിയും കേരളത്തിലെ കലാസമൂഹത്തില്‍ സൃഷ്ടിക്കുന്ന പലതരം പ്രതിസന്ധികളെക്കുറിച്ചും സിതാര പറയുന്നു

സിതാര കൃഷ്‍ണകുമാറിന്‍റെ കുറിപ്പ്

'ഹെലിന്‍ ബൊലേക് ', അവകാശങ്ങൾക്കായി, സഹപ്രവർത്തകർക്കായി പട്ടിണി സമരത്തിൽ ഏർപ്പെട്ട ആ ഗായികയുടെ മരണ വാർത്തയിലാണ് ഈ ദിവസം തുടങ്ങിയത്!! 

എങ്ങനെയാണെന്നോ എവിടെനിന്നാണെന്നോ എഴുതി തുടങ്ങേണ്ടത് എന്നറിയില്ല !! ലോക്ക് ഡൗൺ കാലവും വൈകാതെ അവസാനിക്കുകയായി !! ട്രോളുകളും, ചലഞ്ചുകളും എല്ലാം കണ്ടും ആസ്വദിച്ചും, കൂടെ കൂടിയും, ചിരിച്ചും, പറഞ്ഞും, സമയം പല വഴിക്ക് പോയി !!സുഹൃത്തുക്കളുമായുള്ള സംസാരങ്ങൾക്കിടയിൽ അവരെല്ലാം ജോലിയിൽ തിരിച്ചു പ്രവേശിക്കുന്നതിനെക്കുറിച്ചും, തമാശകളും, ആവേശവും, ആശങ്കകളും എല്ലാം പങ്കു വയ്ക്കുന്നു !! കലാകാരന്മാരുടെ ചിന്ത ഇനിയെന്താണ്, എങ്ങനെയാണ്, എവിടെനിന്നാണ് തുടങ്ങേണ്ടത് എന്നതാണ് ?

കലാകാരന്മാർ എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് പൊടുന്നനെ കടന്നുവരുന്നതത്രയും നല്ല വസ്ത്രം ധരിച്ചും, നല്ല സൗകര്യങ്ങൾ ആസ്വദിച്ചും, നല്ല വാഹനങ്ങളിൽ സഞ്ചരിക്കുകയും ചെയ്യുന്ന, ഒരുപക്ഷെ സിനിമ, ടെലിവിഷൻ പോലുള്ള പോപ്പുലർ മീഡിയകളുടെ ഭാഗമായി നിൽക്കുന്ന ചുരുക്കം ചിലരെ മാത്രമായിരിക്കാം!! ഞാൻ ഉൾപ്പടെയുള്ള ഈ ചെറിയ കൂട്ടം ആളുകൾ വെറും ഭാഗ്യവാന്മാർ മാത്രമാണ് !! ഭാഗ്യം എന്ന വാക്ക് എത്രമാത്രം അന്ധവിശ്വാസം കലർന്നതാണെന്ന് അറിഞ്ഞുകൂടാ!
പക്ഷെ കലാകാരമാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള വാക്കാണത് ! സാധാരണക്കാരനിൽ നിന്നും തങ്ങളെ വ്യത്യസ്തരാക്കുന്ന കല, അത് ജന്മസിദ്ധമായി ഒരേ അളവിൽ ലഭിച്ച ചിലർ, പല മട്ടിൽ, പല തട്ടിൽ അംഗീകരിക്കപ്പെടുന്ന സത്യത്തെ, 'ഭാഗ്യം' എന്ന അന്ധവിശ്വാസം കൊണ്ട് മാത്രമേ ന്യായീകരിക്കാൻ ഞങ്ങൾക്ക് കഴിയുന്നുള്ളൂ ! അതുകൊണ്ടുതന്നെ പലപ്പോഴും കലാകാരമാരുടെ പ്രശ്നങ്ങളും പല തട്ടിൽ ആയിരുന്നു !

അസംഖ്യം ആളുകളാണ് കലകൊണ്ട് ജീവിക്കുന്നത് ! അവരെല്ലാം പ്രായഭേദമെന്യേ, ആശങ്കയിലാണ് !! ഇതേക്കുറിച്ചു സുഹൃത്ത്  സയനോര വിശദമായൊരു കുറിപ്പ് എഴുതിയിരുന്നു, അത് തീർച്ചയായും വായിക്കേണ്ടതാണ് ! പല കലാകാരന്മാരുടെയും വോയിസ്‌ നോട്ടുകൾ, വീഡിയോ സന്ദേശങ്ങൾ എല്ലാം ഞങ്ങൾക്കിടയിൽ ചർച്ചയാകുമ്പോൾ ഈ ആശങ്കകൾക്കൊക്കെ ഒരു മറുപടി ഒരു സാന്ത്വനം തരാൻ ആർക്കു കഴിയും എന്ന് സംശയിക്കുകയാണ് !എല്ലാ മേഖലയിലെയും ആളുകൾ പതറിനിൽക്കുകയാണ്, അവരെല്ലാം സമാധാനത്തിലേക്കും സാധരണ ജീവിതങ്ങളിലേക്കും എത്തിയാൽ മാത്രമേ കലാകാരന്റെ കരപറ്റാനുള്ള പ്രതീക്ഷയുടെ തിരി തെളിഞ്ഞു തുടങ്ങൂ ! ഒരു പക്ഷെ മറ്റു മേഖലകളിലെ പോലെ സംഘടിതരല്ലാത്തതാണോ കലാകാരന്മാരുടെ പോരായ്മ, അങ്ങനെയും ഒരു സുഹൃത്ത് ആരോപിച്ചു !! ഒരു കലാകാരന്റെ ആവശ്യം, ആഗ്രഹം, അവകാശം, ആശങ്ക അത് നമ്മുടേതാണ്, നമ്മുടേതുകൂടിയാണ് എന്ന് തിരിച്ചറിഞ്ഞു ഉണർന്നു പ്രവർത്തിക്കാൻ അധികം ഒന്നും സാധിക്കാതെ പോയതാണോ, നമ്മുടെ പ്രശ്നങ്ങൾക്ക് ലഭിക്കുന്ന ശ്രദ്ധക്കുറവിനു പിന്നിൽ ! "എനിക്ക് നിങ്ങൾ ഈ സൗകര്യം തരുമ്പോൾ, വേതനം തരുമ്പോൾ എന്റെ കൂടെ പ്രവർത്തിക്കുന്നവർക്കും അത് അവകാശപ്പെട്ടതാണ് എന്ന് പറയാൻ സാധിക്കണം !" പലതും ആലോചിക്കേണ്ട, ആത്മപരിശോധന നടത്തേണ്ട സമയം കൂടിയാണിത് !

സുഹൃത്തുക്കളെ, രണ്ട് പ്രളയവും, ഒരു മഹാരോഗവും ആഖാതം ഏൽപ്പിച്ചത്, ഒരു വലിയ വിഭാഗം കലാകാരന്മാരുടെ ജീവിതങ്ങളെക്കൂടിയാണ് ! തമാശയായി പറയാറുണ്ട്, നമ്മൾ ആർട്ടിസ്റ്റുകൾ കൊയ്ത്തുകാരെപോലെയാണെന്ന്, സീസൺ സമയത്ത് ഉണ്ടാക്കുന്ന വരുമാനമാണ് തുടർ മാസങ്ങളിൽ അവരെയും കുടുംബങ്ങളെയും പോറ്റുന്നത് ! പലരും പട്ടിണിയിലാകും, പലരും വിഷാദരോഗങ്ങൾക്ക് അടിപ്പെടും !

കലാകാരന്മാരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള കാല്പനികമായ കുറിപ്പിനപ്പുറത്തേക്ക്, വാസ്തവങ്ങൾ പറയാം! പല കലാകാരന്മാരും നേരിടുന്ന ഒരു ചോദ്യാവലി പറയാം,
ചോദ്യം - "എന്ത് ചെയ്യുന്നു? "
ഉത്തരം -സിങ്ങർ ആണ്, ആർടിസ്റ്റ് ആണ്, ഡാൻസർ ആണ് "
അടുത്ത ചോദ്യം- "അപ്പോൾ ശരിക്കും ജോലി എന്താണ്? "
പിന്നെന്തു പറയും???

ഇതാണ് ഞങ്ങളുടെ തൊഴിൽ, വരുമാനമാർഗം ! കടങ്ങൾ ഉണ്ട്, വാടക കാശു കൊടുക്കാനുണ്ട്, മാസ കുടിശിക അടക്കേണ്ടതുണ്ട്, കുട്ടികളുണ്ട്, അവർക്ക് സ്കൂളിൽ പോകേണ്ടതുണ്ട്,അവർക്ക് ഭക്ഷണം കഴിക്കേണ്ടതുണ്ട്, അസുഖങ്ങൾ ഉണ്ട്, ചികിത്സാ ചിലവുകൾ ഉണ്ട് അങ്ങനെ അങ്ങനെ മനുഷ്യർക്കുള്ള സകല ബുദ്ധിമുട്ടുകളും കലാകാരന്മാർക്കുണ്ട് ! കലാകാരന്മാർ ജീവനുള്ളവരാണ്, പൗരന്മാരാണ്, ഈ രാജ്യത്തിന്റെ വരുമാനത്തിലും തങ്ങളുടേതായ പങ്കു വഹിച്ചവരാണ്, നികുതി അടക്കുന്നവരാണ്, ഞങ്ങളിൽ ഒരു വലിയ പക്ഷം കടുത്ത ആശങ്കയിൽ ആണ് !!

ഗായകരുടെ സംഘടനയായ "സമം" ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് എല്ലാ സംഗീത കലാകാരന്മാരെയും പ്രതിനിദ്ധീകരിച്ച് ഒരു നിവേദനം സമർപ്പിച്ചിരിക്കുന്നു എന്നത് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് ! ബഹുമാനപ്പെട്ട പ്രധാനമന്തിക്കും അത്തരം ഒരു നിവേദനം സമർപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു താനും !

മനുഷ്യരോടും, സഹജീവികളോടും, കരുതലും സ്നേഹവും നിറഞ്ഞ വാക്കുകളുമായി നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ, അതുകാണാൻ കാത്തിരിക്കുന്ന മലയാളികളിൽ ഒരാളാണ് ഞാനും ! ഒരുദിവസം അദ്ദേഹം കലാകാരന്മാർക്കുള്ള സാന്ത്വനവാക്കുകൾ പറയുമെന്ന ഉറച്ച പ്രതീകഷയും വിശ്വാസവും ഉണ്ട് ! കേന്ദ്രത്തിൽ നിന്നും അത്തരം ശുഭകരമായ വാക്കുകൾ വാർത്തകൾ വരുമെന്നും പ്രതീക്ഷിക്കുന്നു ! 

പലതരം രസകരമായ ചലഞ്ചുകൾ ചെയ്തല്ലോ നമ്മളെല്ലാം ഈ ദിവസങ്ങളിൽ ! ഇന്ന് നമുക്ക് ഒരു പുതിയ ചലഞ്ച് ആരംഭിച്ചാലോ? കലാകാരനാരായ നമ്മൾ ഓരോരുത്തരും തനിച്ചല്ല, നമ്മുടെ അവകാശങ്ങൾ ഒന്നാണ്, പ്രശ്നങ്ങൾ ഒന്നാണ് എന്ന് പരസ്പരം പറയാനായി, പരസ്പരം കരുത്തു പകരാനായി മനസ്സിൽ നിന്നും ഒരു കുറിപ്പെഴുതി പങ്കുവയ്ക്കാം! നമ്മുടെ ശബ്ദം അവർ കേൾക്കും വരെ ! 

ബിജിബാലും ഗോപി സുന്ദറും ഹരീഷ് ശിവരാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവരെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പങ്കുവെക്കാനായി ചാലഞ്ച് ചെയ്യുകയും ചെയ്‍തിട്ടുണ്ട് സിതാര കൃഷ്‍ണകുമാര്‍.