ചിത്രത്തിൽ വിനായകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഒരിടവേളക്ക് ശേഷം നവ്യ നായർ(Navya Nair) മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'ഒരുത്തീ'(Oruthee). രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് സിത്താര കൃഷ്ണകുമാർ. തിയറ്ററുകളിൽ കയ്യടികൾ നേടാൻ നായകന്‍ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് വി കെ പ്രകാശ് കാണിച്ചു തന്നുവെന്ന് സിത്താര പറയുന്നു.
'നവ്യ, എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്!!! രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു!!! രോമാഞ്ചം കൊള്ളിക്കാൻ കയ്യടിപ്പിക്കാൻ വിസില് വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു വികെപി!! എല്ലാം കൊണ്ടും അസ്സലായി, ശരിക്കും മാസായി',എന്നാണ് സിത്താര കുറിച്ചത്.
ചിത്രത്തിൽ വിനായകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ദ ഫയര്‍ ഇന്‍ യു' എന്ന ടാഗ് ലൈനിലാണ് 'ഒരുത്തീ' എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രമാണ് ഒരുത്തീ.
ജിംഷി ഖാലിദ് ആണ്ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചിരിക്കുന്നത്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോൾ എഡിറ്ററും ഡിക്‌സൺ പൊടുതാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്.
