'ലാല്‍ സിംഗ് ഛദ്ദ'യുടെ സെലിബ്രിറ്റി പ്രിവ്യു കണ്ടതിനു ശേഷമായിരുന്നു ശിവകാര്‍ത്തികേയന്റെ പ്രതികരണം.

ആമിര്‍ ഖാൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. ചിത്രത്തെ പ്രശംസിച്ച് നടൻ ശിവകാര്‍ത്തികേയൻ രംഗത്ത് എത്തി. ചൈന്നൈയില്‍ സെലിബ്രിറ്റികള്‍ക്കായി നടത്തിയ ചിത്രത്തിന്റെ പ്രിവ്യു കണ്ടതിന് ശേഷമായിരുന്നു ശിവകാര്ത്തികേയകന്റെ പ്രശംസ. പോസിറ്റിവീറ്റി അനുഭവിപ്പിക്കുന്ന ഒരു സിനിമയാണ് 'ലാല്‍ സിംഗ് ഛദ്ദ' എന്ന് ശിവകാര്‍ത്തികേയൻ പറഞ്ഞു.

പോസിറ്റിവിറ്റി, മാനുഷിക മൂല്യങ്ങൾ, ബന്ധങ്ങൾ തുടങ്ങിയ ഘടകങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് 'ലാൽ സിംഗ് ഛദ്ദ'. അനുകമ്പയും പോസിറ്റിവിറ്റിയും അനുഭവിപ്പിക്കുന്ന സിനിമകളാണ് ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് വേണ്ടത്. അത്തരത്തിലുള്ള ഒരു സിനിമയാണ് 'ലാല്‍ സിംഗ് ഛദ്ദ'. ആമിര്‍ ഖാന്‍ സാര്‍, നിങ്ങള്‍ എപ്പോഴും ഗ്രേറ്റ് ആണ് എന്നും ശിവകാര്‍ത്തികേയൻ പറഞ്ഞു.

ഈ വര്‍ഷം ബോളിവുഡിന് ഏറ്റവുമധികം പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ പ്രധാനമാണ് 'ലാല്‍ സിംഗ് ഛദ്ദ'. ആമിര്‍ ഖാന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗംപി'ന്‍റെ റീമേക്ക് ആണ്. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ്. 164.50 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

ആമിര്‍ ഖാന്‍ തന്‍റെ ഡ്രീം പ്രോജക്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുള്ള ചിത്രമാണിത്. ചിത്രത്തിനുവേണ്ടി ശാരീരികമായ വലിയ മേക്കോവര്‍ അദ്ദേഹം നടത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രവുമാണ് ഇത്. നാല് വര്‍ഷത്തിനിപ്പുറം റിലീസ് ചെയ്യപ്പെടുന്ന ആമിര്‍ ഖാന്‍ ചിത്രവുമാണ് ഇത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി ബഹുഭാഷകളിലാണ് തിയറ്ററുകളില്‍ എത്തുക. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്. കരീന കപൂര്‍, മോന സിംഗ് എന്നിവര്‍ക്കൊപ്പം നാഗ ചൈനത്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിനെതിരായ ബഹിഷ്കരണാഹ്വാനത്തില്‍ ആമിര്‍ ഖാന്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. എനിക്ക് ഇതില്‍ നിരാശയുണ്ട്. ചിത്രം കാണരുതെന്ന് പറയുന്ന ചിലരുടെ ഹൃദയങ്ങളില്‍ ഈ രാജ്യത്തെ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍. അവര്‍ അങ്ങനെ വിശ്വസിക്കുന്നു. പക്ഷേ അത് അസത്യമാണ്. അവര്‍ അങ്ങനെ കരുതുന്നു എന്നത് നിരാശാജനകമാണ്. ദയവായി ഈ ചിത്രം ബഹിഷ്കരിക്കരുത്. ദയവായി ഈ ചിത്രം കാണണം- ആമിര്‍ ഖാന്‍ പറഞ്ഞു.

Read More : രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം; 'ലാല്‍ സിംഗ് ഛദ്ദ'യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി