കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച ചിത്രമായിരുന്നു ഡോക്ടർ.

ഡോക്ടർ(Doctor) എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശിവ കാർത്തികേയൻ(Sivakarthikeyan) നായകനായി എത്തുന്ന പുതിയ ചിത്രം ഡോണിന്റെ (DON)റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 25ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. തിയറ്ററിൽ തന്നെയാകും റിലീസ് എന്ന് ശിവ കാർത്തികേയൻ അറിയിച്ചു. സിബി ചക്രവർത്തിയാണ് സംവിധാനം.

ആക്ഷൻ- കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഡോൺ. ശിവ കാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകിനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച ചിത്രമായിരുന്നു ഡോക്ടർ. 'കോലമാവ് കോകില' സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം ഒക്ടോബര്‍ 9നാണ് തിയറ്ററുകളിലെത്തിയത്. റിലീസ്‍ ദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം തെന്നിന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമാണ് പകര്‍ന്നത്.

പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്സാണ്ടര്‍, റെഡിന്‍ കിങ്സ്‍ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്‍മണ്‍ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കേരളത്തിലും ഡോക്ടര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടെയും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഡോക്ടര്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് വിജയ്‍യുടെ പുതിയ ചിത്രം ബീസ്റ്റിന്‍റെയും സംവിധായകന്‍.