ട്വിറ്ററില്‍ നിന്ന് താൻ ഇടവേളയെടുക്കുന്നതായി അറിയിച്ച് നടൻ ശിവകാര്‍ത്തികേയൻ.
തമിഴകത്ത് ഗ്യാരന്റിയുള്ള താരമാണ് ശിവകാര്‍ത്തികേയൻ. തുടര്‍ച്ചയായി മികച്ച ചിത്രങ്ങളുമായി വിജയം സ്വന്തമാക്കിയ ശിവകാര്‍ത്തികേയന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മഡോണി അശ്വിൻ ഒരുക്കുന്ന മാവീരനാണ്. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ട്വിറ്ററില്‍ നിന്ന് താൻ തല്‍ക്കാലം ഇടവേളയെടുക്കുന്നതായി ശിവകാര്‍ത്തികേയൻ പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത.
കുറച്ചു നാളത്തേയ്‍ക്ക് താൻ ട്വിറ്ററില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നാണ് നടൻ ശിവകാര്‍ത്തികേയൻ വ്യക്തമാക്കിയത്. വളരെ പെട്ടെന്നും തന്നെ താൻ തിരിച്ചെത്തുമെന്നും ശിവകാര്‍ത്തികേയൻ വ്യക്തമാക്കി. സിനിമ സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി അപ്‍ഡേറ്റ് ചെയ്യുക തനിക്കൊപ്പമുള്ള ആള്‍ക്കാരായിരിക്കുമെന്നും ശിവകാര്‍ത്തികേയൻ കുറിച്ചു. ട്വിറ്ററില്‍ നിന്ന് എന്തുകൊണ്ടാണ് ഇടവേളയെടുക്കുന്നത് എന്ന് ശിവകാര്‍ത്തികേയൻ വ്യക്തമാക്കിയിട്ടില്ല.
ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം 'പ്രിൻസ്' ആണ്. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല. ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിൻസ്' എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു നായിക.
ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് താരമാണ്.
Read More: ചോളൻമാരുടെ രണ്ടാം വരവ് ചരിത്രമാകുന്നു, 'പൊന്നിയിൻ സെല്‍വൻ 2'100 കോടി ക്ലബില്‍
