ഡോണ്‍ ആണ് അടുത്തതായി തിയറ്ററിലെത്തുന്ന എസ്‍കെ ചിത്രം
കരിയര്‍ വളര്‍ച്ചയുടെ ഘട്ടത്തിലാണ് തമിഴ് താരം ശിവകാര്‍ത്തികേയന്‍ (Sivakarthikeyan). ഫിലിമോഗ്രഫിയിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായ 'ഡോക്ടര്‍' (Doctor) അദ്ദേഹത്തിന് കോളിവുഡ് ഇന്‍ഡസ്ട്രിയില്‍ വലിയ പേരാണ് നേടിക്കൊടുത്തത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച താരമെന്ന അധിക ബഹുമാനം തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ക്കുമുണ്ട്. ശിവകാര്‍ത്തികേയന്‍റേതായി നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് വരാനിരിക്കുന്നത്. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന 'ഡോണ്‍' (Don) ആണ് അദ്ദേഹം നായകനായെത്തുന്ന അടുത്ത ചിത്രം. ഇതിന്‍റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. മറ്റൊരു പ്രോജക്റ്റ് ശിവകാര്‍ത്തികേയന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് (Telugu Debut). ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള ഒരു പ്രധാന അപ്‍ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.
ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കാനിരിക്കുകയാണ്. അനുദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള നായികയാവും എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂറിസ്റ്റ് ആയി ഹൈദരാബാദില്‍ എത്തുന്ന ഒരു അമേരിക്കന്‍ യുവതിയാണ് ചിത്രത്തിലെ നായികാ കഥാപാത്രം. അവിടെയുള്ള നായകനുമായി അവര്‍ക്കുണ്ടാവുന്ന അടുപ്പവും പ്രണയവുമാണ് ചിത്രത്തിന്‍റെ വിഷയം. ഈ കഥാപാത്രത്തിനുവേണ്ടിയാണ് ഹോളിവുഡില്‍ നിന്നുള്ള ഒരു നടി എത്തുന്നതായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. എന്നാല്‍ ഇതടക്കം മറ്റു താരനിര സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ല.
ശിവകാര്‍ത്തികേയന്‍റെ അവസാന റിലീസ് ആയ ഡോക്ടറിന്‍റെ തെലുങ്ക് പതിപ്പും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വരുണ്‍ ഡോക്ടര്‍ എന്ന പേരിലാണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിനെത്തിയത്. തെലുങ്ക് സിനിമയിലേക്ക് പ്രവേശിക്കാന്‍ ശിവകാര്‍ത്തികേയന് ഇത് പറ്റിയ സമയമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേസമയം എസ്‍കെയുടെ പുതിയ ചിത്രമായ ഡോണ്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന, കോമഡി എന്‍റര്‍ടെയ്‍നര്‍ ആണ്. ഡോക്ടറിലും നായികയായ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ഈ ചിത്രത്തിലും നായിക. ആറ്റ്‍ലിയുടെ അസോസിയേറ്റ് ആയിരുന്നു സിബി ചക്രവര്‍ത്തി.
