സംവിധായകനും ഛായാഗ്രാഹകനുമായ ശിവന്റെ ജീവിതത്തെ കുറിച്ചുള്ള ഡോക്യുമെന്ററി. 

മലയാളത്തിന്റെ ക്യാമറക്കണ്ണായിരുന്നു എത്രയോ കാലം ശിവൻ. നിശ്ചല ഛായാഗ്രാഹകനായും സംവിധായകനുമൊക്കെയായി പ്രതിഭയുടെ മാറ്റ് തെളിയിച്ചിട്ടുണ്ട് ശിവൻ. അടുത്തിടെയാണ് ശിവൻ അന്തരിച്ചത്. ഇപോഴിതാ ശിവന്റെ ജീവിതം പ്രമേയമാക്കിയുള്ള ശിവനയനം എന്ന ഡോക്യുമെന്റററിയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

കേരള മീഡിയ അക്കാദമിയാണ് ശിവനയനം എന്ന ഡോക്യുമെന്ററി നിര്‍മിക്കുന്നത്. ശിവന്റെ മകനും പ്രമുഖ ചലച്ചിത്രകാരനുമായ സന്തോഷ് ശിവൻ ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്‍തിരിക്കുന്നത്. പൃഥ്വിരാജ് ആണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ശിവനെ ജീവിതത്തില്‍ അടുത്തറിയാമെന്നത് ഒരു ബഹുമതിയായി കാണുന്നുവെന്നാണ് പൃഥ്വിരാജ് പറയുന്നത്.

ഫോട്ടോഗ്രാഫി, ഫിലിം മേക്കിംഗ്, ഫോട്ടോ ജേണലിസം എന്നീ മേഖലകളിലെ പയനിയറും ഇതിഹാസവുമായ ശിവൻ അങ്കിളിന്റെ ജീവിതത്തെയും പ്രവർത്തനത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ഡോക്യുമെന്ററിയെന്നാണ് പൃഥ്വിരാജ് പറയുന്നത്.

ശിവന്റെ പ്രവര്‍ത്തനങ്ങളെയും പ്രതിഭയെയും എം ടി വാസുദേവൻ നായര്‍, മോഹൻലാല്‍, പൃഥ്വിരാജ്, പ്രിയദര്‍ശൻ തുടങ്ങിയവര്‍ ഡോക്യുമെന്ററിയില്‍ എടുത്തുപറയുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.