സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. 

ജെഎസ്കെ എന്ന സിനിമയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ ചർച്ചയാകുന്നതിനിടെ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തന്റെ പേര് ശിവൻകുട്ടിയാണെന്നും സെൻസർ ബോർഡ് എങ്ങാനും ഈ വഴി വരുമോ എന്നുമാണ് പരിഹാസ രുപേണ മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

'എന്റെ പേര് ശിവൻകുട്ടി..സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!', എന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. മന്ത്രിയുടെ പോസ്റ്റിന് പിന്നാലെ സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ കമന്‍റുകളും ലൈക്കുകളുമായി രംഗത്തെത്തി. 

ജൂണ്‍ 27ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമയാണ് സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്കെ. ടീസറും ട്രെയിലറും സെന്‍സറിംഗ് പൂര്‍ത്തിയാകുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും ജാനകി എന്ന പേര് മാറ്റണമെന്ന് സെന്‍സര്‍ബോര്‍ഡ് അണിയറ പ്രവര്‍ത്തകരെ അറിയിക്കുകയും പ്രദര്‍ശനാനുമതി നിഷേധിക്കുകയും ആയിരുന്നു. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്‍റെ പേരാണെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം. പിന്നാലെ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് സെന്‍സര്‍ബോര്‍ഡിന്‍റെ തീരുമാനമെന്നും വിമര്‍ശനങ്ങള്‍ വന്നു.

അതേസമയം, ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്നായിരുന്നു ഇന്ന് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചത്. ഏത് പേര് കൊടുക്കണമെന്ന് സംവിധായകനോട് സെൻസർ ബോർഡ് കൽപ്പിക്കുകയാണോ എന്നും ഹൈക്കോടതി ചോദിച്ചു. നീതിയ്ക്കുവേണ്ടിയുളള പോരാട്ടം അല്ലെ സിനിമയിലെ കഥാതന്തു, പിന്നെ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. കേസിൽ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റിയിട്ടുണ്ട്. 

പ്രവീൺ നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. അനുപമര പരമേശ്വരനാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മകന്‍ മാധവ് സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്