അബുദാബി: പ്രൗഢഗംഭീരമായ ചടങ്ങില്‍ സ്മാക് ഷോര്‍ട്ട് ഫിലിം പുരസ്‌കാര സമര്‍പ്പണം അബുദാബിയില്‍ നടന്നു. 'ക്വീന്‍' സിനിമയിലെ പ്രകടനത്തിന്, ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ധ്രുവനും സാനിയ ഇയ്യപ്പനും യൂത്ത് ഐക്കണ്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ ഏഴ് വിഭാഗങ്ങളിലായി ഹ്രസ്വചിത്രങ്ങളിലെ മികവിനുള്ള പുരസ്‌കാരങ്ങളും വിജയികള്‍ ഏറ്റുവാങ്ങി. മികച്ച മലയാളം ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്‌കാരം ജിജി പി സ്‌കറിയയും (പടക്കുതിര) സംവിധായികക്കുള്ള പുരസ്‌കാരം അഖില സായൂജും (മകള്‍) ഏറ്റുവാങ്ങി. എവറസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്-മലേഷ്യയുടെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം ആന്‍ഡി ആയിരുന്നു മത്സരത്തിന്റെ അന്തര്‍ദേശീയ ജൂറി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ ആണ് ഡിജിറ്റല്‍ മീഡിയ പാര്‍ട്‍ണര്‍.

മറ്റ് പുരസ്‌കാരങ്ങള്‍

സാമൂഹിക ബോധവത്കരണ ചിത്രം- ഡ്രീം ക്യാച്ചേഴ്‌സ് (സംവിധാനം: ഷാജി എന്‍ പുഷ്പാംഗതന്‍)

വിദേശഭാഷാ ചിത്രത്തിന്റെ സംവിധായകന്‍- ഷാബു കിളിത്തട്ടില്‍ (ചിത്രം: മഷാദ്)

വിദേശഭാഷാ ചിത്രം- മൈ ഡാഡ് ഈസ് മൈ ഹീറോ (സംവിധാനം: ജോമി)

വിദേശഭാഷയിലുള്ള കുട്ടികളുടെ ചിത്രം- ദി പോര്‍ട്രെയ്റ്റ് (സംവിധാനം: പ്രാര്‍ഥിക് കൃഷ്ണന്‍ മേനോന്‍)

മികച്ച ഛായാഗ്രഹണം- അണ്‍എക്‌സ്‌പെക്റ്റഡ് (സംവിധാനം: പാട്രിക് ഡികൂത്തോ)

ഷെയ്ഖ് ബാദര്‍ ബെന്‍ സായിദ് മുഹമ്മദ് അല്‍ സാദിയും (ഒമാന്‍) യുഎഇ മാനവ വിഭവശേഷി പ്രത്യേക ഉപദേഷ്ടാവ് ഡോ. സെയ്ഫ് അല്‍ മൊഐലിയും ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. 'സേവനം' യുഎഇ ചെയര്‍മാനും ഐഎസ്‌സി അബുദാബി ജനറല്‍ ഗവര്‍ണറുമായ രാജന്‍ അമ്പലത്തറ, 'കെന്‍സ' ഹോള്‍ഡിംഗ് ചെയര്‍മാനും എംഡിയുമായ ഡോ. ഷിഹാബ് ഷാ, ശിവഗിരി ഹെല്‍പ്‌ലൈന്‍ ചെയര്‍മാന്‍ വര്‍ക്കല വാവ, 'മിസാര' ഗ്രൂപ്പിന്റെയും '4 മീഡിയ' ഫിലിംസിന്റെയും എംഡി ഡോ. മിനു സാറ എന്നിവരാണ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

ഈ പുരസ്‌കാരങ്ങള്‍ കൂടാതെ വിവിധ വിഭാഗങ്ങളില്‍ മറ്റ് 20 ഹ്രസ്വ ചിത്രങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും. സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് ഇവ നല്‍കുക.