ചലച്ചിത്ര, ടെലിവിഷന്‍ താരങ്ങളായ എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരാവുന്ന വിവരം ദിവസങ്ങള്‍ക്ക് മുന്‍പാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലെ 'ലോലിതനെ'യും 'മണ്ഡോദരി'യെയും അവതരിപ്പിക്കുന്ന തങ്ങളുടെ പ്രിയതാരങ്ങള്‍ ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിച്ച വിവരം സന്തോഷത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. എന്നാല്‍ അപൂര്‍വ്വം ചിലര്‍ ഈ വാര്‍ത്തകള്‍ക്ക് താഴെ മറ്റ് തരത്തിലുള്ള കമന്റുകളുമായും എത്തിയിരുന്നു. സ്‌നേഹ ശ്രീകുമാറിന്റെ ആദ്യവിവാഹത്തിന്റെ ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്തായിരുന്നു നെഗറ്റീവ് കമന്റുകള്‍. എന്നാല്‍ സ്‌നേഹയുടെ വിവാഹ വാര്‍ത്തയോട് മോശമായി പ്രതികരിച്ചവരോടുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവരുടെ ആദ്യ ഭര്‍ത്താവ് ദില്‍ജിത്ത് എം ദാസ്. 

തങ്ങളുടെ വിവാഹസമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള കമന്റുകള്‍ തന്നെ വിഷമിപ്പിച്ചുവെന്നും വിവാഹിതരാകുന്നവരെ വെറുതെ വിടണമെന്നും ദില്‍ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ദില്‍ജിത്ത് എം ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

'വിവാഹിതരാവുന്നു' എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും. ഒരിക്കല്‍ വിവാഹിതരായ രണ്ടുപേര്‍, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാല്‍ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.

സ്‌നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയതുകൊണ്ടും അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോള്‍.. എല്ലാ തരത്തിലും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്ക് ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.

രണ്ടു വര്‍ഷം മുന്‍പ് ഡിവോഴ്‌സ് ആയ സമയത്തു തന്നെ 'Happily Divorced' എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടര്‍ക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങള്‍ ചെയ്തുള്ളൂ. അത് ക്ഷമിച്ച്, ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..

വിവാഹിതരാവുന്ന സ്‌നേഹാ, ശ്രീകുമാറിന്
ഹൃദയം നിറഞ്ഞ ആശംസകള്‍.