'കരഞ്ഞു തളർന്നിരിക്കുന്ന ഒരാളുടെയടുത്ത് ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് ആശ്വാസം പകർന്നാൽ എങ്ങനെയുണ്ടാകും?'- ഇച്ചാപ്പി വെളിപ്പെടുത്തുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്‍മിയുടേത്. ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നും കണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, പിന്നീട് 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. പേളി മാണി അടക്കമുള്ളവർ ശ്രീലക്ഷ്‍മിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പേളിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാൾ കൂടിയാണ് ഇച്ചാപ്പി. കഴിഞ്ഞ ദിവസം പേളിയുടെ പിറന്നാൾ ദിനത്തിൽ ഇച്ചാപ്പി പങ്കുവെച്ച വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കണ്ണു നിറഞ്ഞാണ് ഇച്ചാപ്പി വീഡിയോയിൽ സംസാരിക്കുന്നത്.
''കുറേ നാളുകൾക്കു മുൻപ് ഞാൻ എന്റെ ജീവിതത്തിലെ ഒരു മോശം അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എനിക്ക് ഒരിക്കലും ഓർക്കാൻ പോലും കഴിയാത്ത കുറച്ച് ദിവസങ്ങളായിരുന്നു. ഹൃദ്രോഗിയായ അമ്മ, രക്തമൊക്കെ ഛർദിച്ച് കിടപ്പിലായ സമയം. എല്ലാ ദിവസവും ചെന്ന് ഞാൻ അമ്മയെ നോക്കുമായിരുന്നു, അമ്മ ശ്വാസം എടുക്കുന്നുണ്ടോ എന്ന്... ഒരനക്കം കാണുന്നതു പോലും എനിക്ക് ആശ്വാസമായിരുന്നു. അമ്മയുടെ ഹെൽത്ത് കണ്ടീഷൻ അത്രയും മോശമായിരുന്നു. എനിക്കാണെങ്കിൽ ഒരു ചേച്ചിയോ ചേട്ടനോ അങ്ങനെ ആരുമില്ല കൂട്ടിന്. ഒരു ദിവസം രാത്രി എനിക്കൊരു കോൾ വന്നു, പേളിച്ചേച്ചിയായിരുന്നു അത്. ആ ഒരു കോൾ ആയിരിക്കും ഇപ്പോൾ ഞാനിവിടെ ഇരിക്കാനുള്ള കാരണം പോലും. മെന്റലി വീക്കായി, കരഞ്ഞു തളർന്നിരിക്കുന്ന ഒരാളുടെയടുത്ത് ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് ആശ്വാസം പകർന്നാൽ എങ്ങനെയുണ്ടാകും? അതുപോലെയാണ് പേളിച്ചേച്ചി വിളിച്ചപ്പോൾ എനിക്ക് തോന്നിയത്. ഇപ്പോഴും എപ്പോഴും അങ്ങനെ തന്നെയാണ്.
എന്റെ കല്യാണസമയത്തും എന്റെ കാര്യങ്ങളൊക്കെ ചെയ്തുതരാൻ പ്രത്യേകിച്ച് അങ്ങനെയാരും ഉണ്ടായിരുന്നില്ല. എന്റെ കല്യാണസാരി എടുക്കാനൊക്കെ കൂടെവന്നത് പേളിച്ചേച്ചിയാണ്. കല്യാണദിവസം എനിക്കൊന്നും അറിയേണ്ടിവന്നില്ല. സാരി ഡ്രേപിസ്റ്റിനെ ആണെങ്കിലും മേക്കപ്പ് ആർടിസ്റ്റിനെ ആണെങ്കിലും ആഭരണങ്ങൾ ആണെങ്കിലും എല്ലാം ഞാൻ പോലും അറിയാതെ എന്റെ മുന്നിൽ കൊണ്ടുവന്നു തന്നു. പ്രായം കൊണ്ട് പേളിച്ചേച്ചിയും ശ്രീനിഷ് ചേട്ടനും എനിക്ക് ചേട്ടനും ചേച്ചിയും ആയിരിക്കും. പക്ഷേ, അവർ രണ്ടുപേരും എനിക്ക് രണ്ടാമതൊരു അച്ഛനും അമ്മയുമാണ്. എന്റെ ഗാർഡിയൻ ഏഞ്ചൽ പോലെ കൂടെനിൽക്കുന്നയാളാണ് പേളിച്ചേച്ചി. ജൻമം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് എന്റെ സഹോദരിയുടെ സ്ഥാനത്താണ് ചേച്ചി. ഇപ്പോഴും, എപ്പോഴും...'', ശ്രീലക്ഷ്‍മി വീഡിയോയിൽ പറഞ്ഞു.
