മമ്മൂട്ടി ചിത്രം ഡബിള്‍സ് ഒരുക്കിക്കൊണ്ടായിരുന്നു സംവിധാന അരങ്ങേറ്റം
സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ (Sohan Seenulal) വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസ് ആണ് വധു. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.
സിദ്ദിഖ് ലാലിന്‍റെ സംവിധാനത്തില്‍ 1994ല്‍ പുറത്തെത്തിയ കാബൂളിവാലയിലൂടെ ബാലതാരമായാണ് സോഹന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഷാഫിയുടെ അസിസ്റ്റന്‍റ് ആയി സംവിധാന രംഗത്തേക്ക് എത്തി. മമ്മൂട്ടി നായകനായി 2011ല്‍ പുറത്തെത്തിയ ഡബിള്‍സ് എന്ന ചിത്രമാണ് സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം. തുടര്‍ന്ന് വന്യം, അണ്‍ലോക്ക് എന്നീ സിനിമകളും സംവിധാനം ചെയ്‍തു.
എബ്രിഡ് ഷൈനിന്‍റെ ആക്ഷന്‍ ഹീറോ ബിജുവില്‍ സോഹന്‍ അവതരിപ്പിച്ച വേഷം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ നിയമം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തോപ്പില്‍ ജോപ്പന്‍, ഗ്രേറ്റ് ഫാദര്‍, കെയറോഫ് സൈറ ബാനു, പരോള്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഉണ്ട, അബ്രഹാമിന്‍റെ സന്തതികള്‍, പഞ്ചവര്‍ണ്ണ തത്ത, ദ് പ്രീസ്റ്റ്, ബ്രോ ഡാഡി തുടങ്ങി നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നൈറ്റ് ഡ്രൈവ് ആണ് അഭിനയിച്ചവയില്‍ അവസാനം പുറത്തെത്തിയ ചിത്രം. നിലവില്‍ ഫെഫ്ക വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍.
'നിനക്കായുള്ള കാത്തിരിപ്പ് ദുസ്സഹം'; അമ്മയാകുന്നതിലെ സന്തോഷം പങ്കുവച്ച് സോനം കപൂര്‍
അമ്മയാകുന്നതിലെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം സോനം കപൂര്‍ (Sonam Kapoor). ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് സോനം ഇക്കാര്യം അറിയിച്ചത്. "ഞങ്ങളാല്‍ കഴിയുന്നതിന്‍റെ ഏറ്റവും മികച്ച രീതിയില്‍ നിന്നെ വളര്‍ത്താന്‍ നാല് കൈകള്‍, ഓരോ ചുവടിലും നിന്‍റേതിനൊപ്പം മിടിക്കുന്ന രണ്ട് ഹൃദയങ്ങള്‍, നിനക്ക് സ്നേഹവും പിന്തുണയും നല്‍കുന്ന ഒരു കുടുംബം. നിനക്കായുള്ള ഈ കാത്തിരിപ്പ് ദുസ്സഹം", സോനം കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സിനിമാരംഗത്തെ നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ഇരുവര്‍ക്കും ആശംസകളുമായി കമന്‍റ് ബോക്സില്‍ എത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍, പാര്‍വ്വതി, കരീന കപൂര്‍, വാണി കപൂര്‍, അനന്യ പാണ്ഡേ തുടങ്ങി നിരവധി താരങ്ങള്‍ ആശംസകളുമായി എത്തുന്നുണ്ട്.
മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018ല്‍ മുംബൈയില്‍ വച്ചായിരുന്നു സോനം കപൂറിന്‍റെയും വ്യവസായി ആനന്ദ് അഹൂജയുടെയും വിവാഹം. 2015ല്‍ സോനം കപൂര്‍ അഭിനയിച്ച പ്രേം രത്തന്‍ ധന്‍ പായോയുടെ പ്രചരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ലണ്ടനിലാണ് ഇരുവരും ഇപ്പോള്‍ സ്ഥിരതാമസം. ഇടയ്ക്കിടെ ദില്ലിയിലും മുംബൈയിലുമുള്ള തങ്ങളുടെ മാതാപിതാക്കളെ കാണാനായി അവര്‍ എത്താറുണ്ട്.
അതേസമയം ദുല്‍ഖര്‍ നായകനായ ബോളിവുഡ് ചിത്രം സോയ ഫാക്ടര്‍ ആണ് സോനം കപൂറിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. 2020ലെ നെറ്റ്ഫ്ലിക്സ് ചിത്രം എകെ വേഴ്സസ് എകെയില്‍ അതിഥി താരമായും സോനം എത്തിയിരുന്നു.
