Asianet News MalayalamAsianet News Malayalam

'പതിനാലാമത്തെ വയസ്സിൽ അഭിനയിച്ച സിനിമാരം​ഗം പോൺസൈറ്റിൽ പ്രചരിപ്പിച്ചു'; തുറന്നുപറഞ്ഞ് വിദ്യാർത്ഥിനി

സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്ത ഏതാനും ദൃശ്യങ്ങൾ യൂട്യൂബിലും പോൺ സൈറ്റുകളിലും തീർത്തും മോശം കുറിപ്പുകളോടെ പ്രചരിപ്പിക്കുകയായിരുന്നു. 

sona m abraham says her first movie scene uploaded in porn site
Author
Kochi, First Published Oct 18, 2020, 8:39 PM IST

പതിനാലാമത്തെ വയസ്സിൽ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങൾ പോൺ സൈറ്റിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പരാതി നൽകിയിട്ട് നടപടിയുണ്ടായിട്ടില്ലെന്ന് നിയമ വിദ്യാർത്ഥിനിയായ സോന എം എബ്രഹാം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സോന തന്റെ ആരോപണങ്ങളും പരാതികളും ഉന്നയിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്ത ഏതാനും ദൃശ്യങ്ങൾ യൂട്യൂബിലും പോൺ സൈറ്റുകളിലും തീർത്തും മോശം കുറിപ്പുകളോടെ പ്രചരിപ്പിക്കുകയായിരുന്നു. താനും കുടുംബവും വർഷങ്ങളായി സമൂഹത്തിന്റെ അധിക്ഷേപം നേരിടുകയാണെന്നും ഇനിയും മോചിതരായിട്ടില്ലെന്നും സോന ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും അക്രമികളോടുള്ള ശക്തമായ നിലപാട് വ്യക്തമാക്കിയുമുള്ള വീഡിയോയ്ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

സോനയുടെ വാക്കുകൾ

നമസ്കാരം. എന്റെ പേര് സോന. ഞാൻ ഒരു അഞ്ചാം വർഷ നിയമ വിദ്യാർത്ഥിനിയാണ്. എന്റെ ലൈഫിലെ ഏറ്റവും പേഴ്സണലായിട്ടുള്ള, മാതാപിതാക്കൾക്ക് മുന്നിലോ സുഹൃത്തുക്കളോടോ അധികം ഡിസ്കസ് ചെയ്യാൻ ആ​ഗ്രഹിക്കാത്ത ഒരു കാര്യം നിങ്ങളുടെ മുന്നിൽ റിവീൽ ചെയ്യുകയാണ്. തനിക്ക് പതിനാലു വയസുള്ളപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു സിനിമയിൽ അഭിനയിച്ചു. ആ സിനിമയുടെ പേര് ഫോർ സെയിൽ എന്നായിരുന്നു. 

ആ സിനിമയുടെ പ്രമേയം എന്തായിരുന്നു എന്ന് ഇന്ന് ആലോചിക്കുമ്പോൾ, അങ്ങനെയൊരു സിനിമയിൽ അഭിനയിച്ചതിൽ ഇന്നെനിക്ക് ഭീതി തോന്നുന്നു. അത്രയും സ്ത്രീ വിരുദ്ധത നിറഞ്ഞതും അതിനെ മഹത്വവത്കരിക്കുകയും ചെയ്യുന്ന ഒരു സിനിമയായിരുന്നു അത്.  സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്ത ഹീറോയിൻ കഥാപാത്രത്തെയാണ് അതിൽ കാതൽ സന്ധ്യ എന്ന നടി അവതരിപ്പിച്ചത്. നിർഭാഗ്യവശാൽ അതിലെ അനിയത്തി ഞാനായിരുന്നു. സ്വന്തം ജീവിതത്തിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ എത്തിപ്പെട്ടതും ഞാനാണ്. പക്ഷേ ഞാൻ ആത്മഹത്യ ചെയ്തിട്ടില്ല. ഇപ്പോഴും ജീവനോടെ ഉണ്ട്. അതിന്റെ തെളിവാണ് ഞാനിപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ പീഡിപ്പിക്കുന്ന രം​ഗമുള്ളതിനാൽ, വീഡിയോ ഷൂട്ട് ചെയ്യണമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. അന്ന് എനിക്ക് 14 വയസാണ്. ഇങ്ങനെയൊരു 150 പേരോളം ഉള്ള സെറ്റിൽ വെച്ച് ഷൂട്ട് ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. കാരണം ഞാൻ ചെറിയ കുട്ടിയാണ്. ഞാൻ സിനിമയിലൂടെ എന്താണ് ചെയ്യുന്നത് എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ പോലും പക്വതയില്ലാത്ത പ്രായം അങ്ങനെ പിന്നീട് ആ സീൻ ഷൂട്ട് ചെയ്തത് ഡയറക്ടറുടെ കലൂരുളള ഓഫീസിൽ വെച്ചാണ്. എന്റെ മാതാപിതാക്കളും കുറച്ച് അണിയറ പ്രവർത്തകരുമാണ് ഷൂട്ടിന് ഉണ്ടായിരുന്നത്.

അങ്ങനെ സിനിമ ഷൂട്ടിങ് തീർന്നു. ഞാനെന്റെ പരീക്ഷയും മറ്റ് തിരക്കുകളിലേക്കും മടങ്ങി. പിന്നീട് പ്ലസ് വണിൽ പഠിക്കുമ്പോൾ ആ സിനിമയ്ക്ക് വേണ്ടി എടുത്ത രം​ഗങ്ങൾ യു ട്യൂബിലും നിരവധി പോൺ സൈറ്റുകളിലും പല പേരുകളിൽ പലവിധ തലക്കെട്ടോടെ പ്രചരിക്കാൻ തുടങ്ങി. അങ്ങനെ സംഭവിച്ചപ്പോൾ ലോവർ മിഡിൽ ക്ലാസ് ഫാമിലിയിൽപ്പെട്ട എന്റെ കുടുംബത്തിന് ഏറ്റ ആഘാതം മനസിലാകുമല്ലോ. അതോട് കൂടി സുഹൃത്തുക്കൾ, ബന്ധുക്കൾ എന്തിന് അധ്യാപകരടക്കം പലരും സംശയത്തിന്റെ കണ്ണുകളോടെയാണ് നോക്കിയത്. അതുകൊണ്ട് തന്നെ സിനിമ എന്ന് വാക്ക് കേൾക്കുമ്പോൾ എന്റെ വീട്ടുകാർക്ക് ഇപ്പോൾ പേടിയാണ്. എന്റെ കഴിവിൽ അവർക്ക് വിശ്വാസമുണ്ടെങ്കിലും സിനിമ പേടിയാണ്. ഇത്രയും കാലം സമൂഹത്തിൽ നിന്നും കുത്തുവാക്കുകൾ കേട്ടു. നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, എന്തിനാണിങ്ങനെ ജീവിക്കുന്നത്.. അല്ലെങ്കിൽ എനിക്കെന്തോ കുറവുണ്ടെന്ന തരത്തിലാണ് ആളുകൾ എന്നെ നോക്കുന്നത്. എനിക്ക് പറയാനുള്ളത്, എനിക്ക് ഒന്നും നഷ്ടപ്പെട്ടു എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾക്കാണ് ദുഖം. നഷ്ടപ്പെട്ടിട്ടില്ലാത്ത എന്തോ നഷ്ടപ്പെട്ടു എന്ന് ബോധ്യപ്പെടുത്താനാണ് കുടുംബക്കാർ പോലും ശ്രമിച്ചത്.

ആ ദൃശ്യങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നിന്നും നീക്കം ചെയ്യാൻ വേണ്ടി എനിക്ക് സമീപിക്കാൻ പറ്റുന്ന എല്ലാ നിയമ സംവിധാനങ്ങളെയും സമീപിച്ചു. പക്ഷേ ഇന്നുവരെ അതിനോട് പോസിറ്റീവ് പ്രതികരണം കിട്ടിയിട്ടില്ല. വിജയ് പി നായർക്കെതിരേ പ്രതികരിച്ച സ്ത്രീകളോടുള്ള സമൂഹത്തിന്റെ നിലപാട് കണ്ട് ഭയപ്പെട്ടിട്ട് ഉറക്കം വരാത്ത വ്യക്തിയാണ് ഞാൻ. ആ പേടിയോടെ തന്നെയാണ് ഞാൻ സംസാരിക്കുന്നത്. പക്ഷേ എനിക്ക് സംസാരിക്കാതിരിക്കാനാകില്ല. സൈബർ സെൽ, എഡിജിപി, ഡിജിപിയുടെ അടുത്ത് വരെ പരാതി കൊടുത്തിട്ടുണ്ട്. പക്ഷേ ഇതുവരെ നടപടി എടുത്തിട്ടില്ല. നിർമാതാവിനും സംവിധായകനും എഡിറ്റർക്കും മാത്രം ലഭ്യമായിരുന്ന വീഡിയോ എങ്ങനെ പബ്ലിക് പ്ലാറ്റ്ഫോമിൽ ലീക്കായി എന്ന ചോദ്യത്തിന് പോലും ഉത്തരം നൽകാൻ അവർക്ക് ആയിട്ടില്ല. ഹൈക്കോടതിയിൽ ഇപ്പോഴും ഒരു ഹർജി നിലനിൽക്കുന്നുണ്ട്.

എല്ലാ അധിക്ഷേപങ്ങളും നേരിട്ട് ഞാൻ ജീവിക്കുകയാണ്. എനിക്കത് ശീലമായി. ഓൺലൈനിരുന്ന് മറ്റുള്ളവരെ തെറിവിളിക്കുന്നവർ മാനസിക വൈകല്യമുള്ളവരാണ്. അത് അവരുടെ ജന്മ അവകാശമായി കണക്കാക്കുകയാണ്. അവരാണ് സമൂഹത്തിന്റെ കാവൽ ഭടൻമാരെന്നാണ് സ്വയം വിശ്വസിക്കുന്നത്. സ്ത്രീകളെ നികൃഷ്ട ജൻമങ്ങളായാണ് അവർ കാണുന്നത്. അവർക്ക് നഷ്ടപ്പെടാത്ത എന്തോ നമുക്ക് കൂടുതലായിട്ടുണ്ട് എന്ന നിലയ്ക്കാണ് അവരുടെ പ്രതികരണം.

സിനിമ എന്ന കല എത്രയോ മഹത്തായ ഒന്നാണ്, പക്ഷേ അത് ഇല്ലാതാക്കിയത് ആരാണ്. അമ്മയിൽ നിന്ന് രാജിവച്ച പാർവതിയോട് ബഹുമാനമുള്ളത്. ഇടവേള ബാബുവിനെ പോലുള്ളവരാണ് സിനിമയക്ക് ചീത്തപ്പേര് ഉണ്ടാക്കുന്നത്. സ്ത്രീകൾ ഒരു കച്ചവട വസ്തുവാണെന്ന ധാരണ സൃഷ്ടിച്ചത് നിങ്ങളെപ്പോലുള്ളവരാണ്. ആറേഴു വർഷങ്ങളായി ഓൺലൈനിൽ അബ്യൂസ് നേരിടുന്ന ഒരു വ്യക്തിയാണ് ഞാൻ. അത് എത്രത്തോളം തന്നെ തളർത്തിയോ അത്രത്തോളം തന്നെ ശക്തിപ്പെടുത്തി. 
 

Follow Us:
Download App:
  • android
  • ios