അഹമ്മദാബാദ്: രാജ്യത്ത് ഉയര്‍ന്ന വിദ്യാഭ്യാസവും സമ്പത്തും ഉള്ളവര്‍ക്കിടയിലാണ് വിവാഹമോചനങ്ങള്‍ എറ്റവും കൂടുതലുള്ളതെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയ്ക്ക‍െതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സോനം കപൂര്‍. സ്വബോധമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ എന്നും പരമാര്‍ശം വിഡ്ഢിത്തമാണെന്നും സോനം തുറന്നടിച്ചു. ട്വിറ്ററിലൂടെയാണ് സോനം പ്രതികരിച്ചത്. 

'സ്വബോധമുള്ള പുരുഷന്‍ ഇങ്ങനെ സംസാരിക്കുമോ? നിഷേധാത്മകമായ വിഡ്ഢിത്തമാണ് ഈ പ്രസ്താവന'- സോനം ട്വീറ്റ് ചെയ്തു. അഹമ്മദാബാദില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന. വിവാഹമോചനക്കേസുകള്‍ രാജ്യത്ത് ദിനംപ്രതി വര്‍ധിക്കുകയാണ്. ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ആളുകള്‍ തമ്മില്‍ത്തല്ലുന്നു. സമ്പത്തും വിദ്യാഭ്യാസവുമുള്ള കുടുംബങ്ങളിലാണ് കൂടുതല്‍ വിവാഹമോചനക്കേസുകള്‍.

വിദ്യാഭ്യാസവും സമ്പത്തും മൂലമുണ്ടാകുന്ന ധാര്‍ഷ്ട്യമാണ് കുടുംബങ്ങള്‍ തകരുന്നതിന് കാരണമാകുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹം തകരുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.  

Read More: വിവാഹ മോചനം വര്‍ധിക്കുന്നു; 'കാരണം' കണ്ടെത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്

സ്ത്രീകളെ അവരുടെ വീടുകളുടെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടുകയാണ് ഇന്ന്. അതായിരുന്നില്ല രണ്ടായിരം വർഷം മുമ്പുള്ള ഭാരതത്തിലെ അവസ്ഥ. നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു സുവർണ്ണകാലമായിരുന്നു അതെന്നുവേണം പറയാൻ. ഹിന്ദു സമൂഹം നന്മ നിറഞ്ഞതും അടുക്കും ചിട്ടയുമുള്ളതുമാകണം. സമൂഹം എന്ന് പറഞ്ഞാൽ അത് പുരുഷന്മാർ മാത്രം അടങ്ങിയതല്ല. ഒരു സമൂഹത്തിൽ ജീവിക്കുന്നവർക്ക്, തങ്ങൾ കൂടി അടങ്ങിയതാണ് ഈ സമൂഹമെന്ന തോന്നൽ ഉണ്ടാവുമ്പോഴാണ് അത് അക്ഷരാർത്ഥത്തിൽ ഒരു സമൂഹമാകുന്നത്- മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.