കേന്ദ്ര സര്‍ക്കാരിനാല്‍ പ്രത്യേക പദവി റദ്ദാക്കപ്പെട്ട കശ്മീരിനെക്കുറിച്ചും പാകിസ്താനുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും സംസാരിച്ച ബോളിവുഡ് താരം സോനം കപൂറിനെതിരേ സൈബര്‍ ആക്രമണം. ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോനത്തിന്റെ പ്രതികരണം. സ്വാതന്ത്ര്യദിനത്തിലാണ് ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് ഈ വീഡിയോ അഭിമുഖം ട്വീറ്റ് ചെയ്തത്. തുടര്‍ദിനങ്ങളില്‍ ഈ വീഡിയോയുടെ പേരില്‍ സോനത്തിനെതിരേ ട്വിറ്ററില്‍ ഒരു വിഭാഗം ആക്രമണം തുടങ്ങുകയായിരുന്നു.

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് സോനത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. 'അത് വളരെ സങ്കീര്‍ണമായ കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. അയതിനാല്‍ എനിക്ക് അതേക്കുറിച്ച് അത്രയ്ക്ക് മനസിലായിട്ടുമില്ല. പരസ്പരവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നുണ്ട്. അതിനാല്‍ത്തന്നെ ഇതുസംബന്ധിച്ച യഥാര്‍ഥ സത്യം എന്താണെന്ന് എനിക്കറിയില്ല. സമാധാനപരമായ ചര്‍ച്ചകളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. വിഷയത്തെ ശരിക്കും മനസിലാക്കി കഴിയുമ്പോഴാണ് ഇതുസംബന്ധിച്ച് ഒരു അഭിപ്രായം പറയേണ്ടതെന്ന് ഞാന്‍ കരുതുന്നു'

കശ്മീരുമായുള്ള ബന്ധത്തെക്കുറിച്ചും അഭിമുഖത്തില്‍ സോനം ഇങ്ങനെ അഭിപ്രായപ്പെടുന്നു. 'പാതി സിന്ധിയും പാതി പെഷാവരിയുമാണ് ഞാന്‍. എന്റെ സംസ്‌കാരത്തിന്റെ പകുതിഭാഗവുമായി വേണ്ടത്ര സമ്പര്‍ക്കപ്പെടാനാവാത്തത് ദുഖ:കരമായ സംഗതിയാണ്.' കശ്മീരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയെക്കുറിച്ച് ദു:ഖമുണ്ടെന്നും രാജ്യസ്‌നേഹിയാണ് താനെന്നും പറയുന്നു സോനം. 'ഇപ്പോള്‍ മൗനം പാലിക്കുന്നതാണ് ഉചിതമെന്ന് കരുതുന്നു. കാരണം ഈ ഘട്ടവും കടന്നുപോകും. 70 വര്‍ഷം മുന്‍പ് നമ്മുടേത് ഒറ്റ രാജ്യമായിരുന്നു. പക്ഷേ വിഭജനരാഷ്ട്രീയത്തിന്റെ തോത് വളരെ ഉയര്‍ന്നതാണ്.' ബോളിവുഡ് സിനിമകള്‍ നിരോധിച്ച പാകിസ്താന്‍ നടപടിയിലുള്ള അതൃപ്തിയും അഭിമുഖത്തില്‍ സോനം കപൂര്‍ വെളിപ്പെടുത്തുന്നുണ്ട്.

എന്നാല്‍ ഈ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പിന്നാലെ സോനം കപൂറിനെതിരേ ട്വിറ്ററില്‍ വ്യാപക ആക്രമണമാണ് നടന്നത്. ജോലി ഇല്ലാതിരിക്കുമ്പോള്‍ മാധ്യമശ്രദ്ധ ലഭിക്കാന്‍ ഇന്ത്യാവിരുദ്ധ അഭിപ്രായം പറയുന്നത് താരങ്ങളുടെ സ്ഥിരം പരിപാടിയാണെന്നും അവര്‍ക്ക് പാകിസ്താനിലേക്ക് പോകാമെന്നുമൊക്കെ ട്വീറ്റുകള്‍ വന്നു. സോനം കപൂര്‍ എന്ന ഹാഷ് ടാഗില്‍ 4500ല്‍ അധികം ട്വീറ്റുകള്‍ നിലവിലുണ്ട്.

ആക്രമണം രൂക്ഷമാവുന്നതിനിടെ ട്വിറ്റളിലൂടെത്തന്നെ സോനം കപൂര്‍ പ്രതികരിച്ചു. അതിങ്ങനെ, 'ദയവായി സംയമനം പാലിക്കുക. ഒരാള്‍ പറയുന്നതിനെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കുമ്പോള്‍ ആ അഭിപ്രായം അത് പറയുന്നയാളെ അല്ല പ്രതിഫലിപ്പിക്കുന്നത്, മറിച്ച് അത് തെറ്റായി മനസിലാക്കിയവരെയാണ്. അതിനാല്‍ സ്വയം പരിശോധിക്കുകയും നിങ്ങള്‍ ആരെന്ന് മനസിലാക്കുകയും ചെയ്യുക. മറ്റ് വല്ല പണിക്കും പോവുക'