സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെ ബോളിവുഡ് താരങ്ങള്‍ക്കെതിരെ ആരംഭിച്ച ആരോപണങ്ങള്‍ പരിഹാസങ്ങളും ട്രോളുകളുമായി മാറിയതോടെ പ്രതികരണവുമായി നടി സൊനം കപൂര്‍. താരത്തിന്റെ മകളെന്ന നിലയില്‍ തനിക്ക് ലഭിച്ച വിശേഷാധികാരം തിരിച്ചറിയുന്നുവെന്നും തന്റെ വ്യക്തിത്വം ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്നും സൊനം കപൂര്‍ വ്യക്തമാക്കി. 

ബോളിവുഡ് താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും കുടുംബത്തില്‍ നിന്നാണ് സൊനം കപൂര്‍ എത്തുന്നത്. നടന്‍ അനില്‍ കപൂറിന്റെ മകളാണ് സൊനം. ബോളിവുഡിലെ മാഫിയകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സ്വജ്ജന പക്ഷപാതം ബോളിവുഡിനെ പിടിമുറുക്കിയിരിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. 

സൊനം കപൂര്‍, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളെല്ലാം ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായിരിക്കുകയാണ്. പരിഹാസവും അതിക്ഷേപവും നിറഞ്ഞ കമന്റുകളാണ് സൊനം കപൂറിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിറയുന്നത്. ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കി കഴിഞ്ഞു. 

''ഈ ഫാദേഴ്‌സ് ഡേ യില്‍എ നിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. അതെ ഞാന്‍ എന്റെ അച്ഛന്റെ മകളാണ്. അതെ ഞാന്‍ അദ്ദേഹം കാരണമാണ് ഇവിടെ നില്‍ക്കുന്നത്, എനിക്ക് വിശേഷാധികാരവും ലഭിച്ചിട്ടുണ്ട്. അത് ഒരു മോശം വസ്തുതയല്ല. ഇതെല്ലാം എനിക്ക് നല്‍കാന്‍ എന്റെ അച്ഛന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എവിടെ ജനിച്ചോ, ആര്‍ക്ക് ജനിച്ചോ എന്നത് എന്റെ കര്‍മ്മയാണ്. അദ്ദേഹത്തിന്റെ മകളെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. '' പരിഹാസങ്ങളും അതിക്ഷേപങ്ങളും ട്രോളുകളും അതിരുവിട്ടതോടെ സ1നം തന്റെയും പിതാവിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ കമന്റ് സെക്ഷന്‍ പൂട്ടി. 

64 വയസ്സുള്ള തന്റെ രക്ഷിതാക്കള്‍ ഇതൊന്നും കാണേണ്ട എന്നാണ് സൊനം പറയുന്നത്. ''എന്റെ മാനസ്സികാരോഗ്യവും എന്റെ മാതാപിതാക്കളെയും സംരക്ഷിക്കാന്‍ വിവേകപൂര്‍വ്വം ഞാനിത് ചെയ്യുന്നു''. - സൊനം കൂട്ടിച്ചേര്‍ത്തു.