കെന്‍റ്: യാത്രക്കായി ഊബര്‍ ടാക്‌സി ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബോളുവുഡ് താരം സോനം കപൂര്‍. യുകെയിലായിരുന്നപ്പോള്‍ ലണ്ടനില്‍ പോകാനായി ഊബർ തെരഞ്ഞെടുത്ത തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായെന്നും യാത്രകൾക്കായി കഴിവതും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും സോനം കപൂർ ട്വീറ്റ് ചെയ്തു.

എഴുത്തുകാരിയായ പ്രിയ മുള്‍ജിയുടെ ട്വീറ്റിന് മറുപടിയായാണ് ലണ്ടനില്‍ തനിക്ക് നേരിട്ട ദുരനുഭവം സോനം വെളിപ്പെടുത്തിയത്. താന്‍ വിളിച്ച ഊബര്‍ ടാക്‌സിയുടെ ഡ്രൈവര്‍ക്ക് യാത്രക്കാരോട് പെരുമാറാന്‍ അറിയില്ലെന്നും അയാൾ തന്നോട് ഒച്ചയെടുത്ത് അലറുകയായിരുന്നുവെന്നും സോനം കപൂർ ട്വീറ്റ് ചെയ്യുന്നു.

" ഊബറിൽ ലണ്ടനിലേക്ക് പോയപ്പോൾ എനിക്ക് ഭയാനകമായ ഒരു അനുഭവം ഉണ്ടായി. ദയവായി ശ്രദ്ധിക്കുക. യാത്രകള്‍ക്ക് പൊതുഗതാഗതമോ ക്യാബുകളോ ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ചതും സുരക്ഷിതവുമായത്"-സോനം കപൂർ ട്വീറ്റ് ചെയ്തു.

നേരത്തെ ബ്രിട്ടീഷ് എയര്‍വൈസിനെതിരെ പരാതിയുമായി സോനം കപൂര്‍ രംഗത്തെത്തിയിരുന്നു. രണ്ട് തവണ ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ നിന്നും ലഗേജ് നഷ്ടമായതിനെ തുടര്‍ന്നാണ് സോനം കമ്പനിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ഞാന്‍ പഠിക്കേണ്ടത് പഠിച്ചു ഇനി യാത്രയ്ക്ക് ബ്രിട്ടീഷ് എയര്‍വൈസ് ഉപയോഗിക്കില്ല എന്നായിരുന്നു സോനം പ്രതികരിച്ചത്.

Read Also: ഇനി ഞാൻ നിങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യില്ല, രൂക്ഷ വിമര്‍ശനവുമായി സോനം കപൂര്‍, ഖേദം പ്രകടിപ്പിച്ച് ബ്രിട്ടിഷ് എയര്‍വേയ്‍സ്