30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ, അനുപർണ റോയ് സംവിധാനം ചെയ്ത 'സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്' എന്ന ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. വെനീസ് മേളയിൽ പുരസ്കാരം നേടിയ ഈ സിനിമ, മുംബൈ പശ്ചാത്തലത്തിൽ ഒരുമിച്ച് താമസിക്കുന്ന രണ്ട് സ്ത്രീകളുടെ കഥയാണ്.
30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ നിറഞ്ഞ കയ്യടിയോടെയാണ് അനുപർണ റോയ് സംവിധാനം ചെയ്ത 'സോങ്ങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്' കലാഭവൻ തീയേറ്ററിലെ സദസ്സ് സ്വീകരിച്ചത്. വെനീസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായികയ്ക്കുള്ള ഒറിസോണ്ടി പുരസ്‍കാരം നേടിയ ചിത്രം, വ്യത്യസ്തമായ കഥപറച്ചിൽ കൊണ്ടും ആഴത്തിലുള്ള വികാരങ്ങളെ അനായാസം അവതരിപ്പിച്ചും ശ്രദ്ധേയമായി.
അടഞ്ഞ വാതിലുകൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങളെ നിശ്ശബ്ദമായി നോക്കിക്കാണുന്ന ചിത്രം, നിരീക്ഷണത്തിന്റെയും അതിക്രമത്തിന്റെയും ഇടയിലുള്ള അതിരുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുംബൈ പശ്ചാത്തലമാക്കിയ സിനിമ, ഒന്നിച്ചുള്ള ജീവിതത്തിലും മനസുകൊണ്ട് തമ്മിൽ അകന്ന് നിൽക്കുന്ന നഗരജീവിതത്തിലെ ഏകാന്തതയെ അവതരിപ്പിക്കുന്നു.
അഭിനേത്രിയാകാൻ ആഗ്രഹിക്കുന്ന തൂയയുടെയും അവരുടെ കൂടെ താമസിക്കാൻ എത്തുന്ന കോർപ്പറേറ്റ് ജീവനക്കാരി ശ്വേതയുടെയും ബന്ധത്തിലൂടെ കഥ പുരോഗമിക്കുന്നു. ശ്വാസംമുട്ടിക്കുന്ന ഗൃഹാന്തരീക്ഷത്തിലൂടെചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നു. ഒരു മുറി പങ്കിടുന്നവർ എന്നതിൽ കവിഞ്ഞു ജീവിതം കൊണ്ടു മുറിവേറ്റ അവർക്കിടയിൽ പതിയെ അതിജീവനത്തിന്റെ ഒരുമയും ഐക്യവും നാമ്പിടുന്നു.
പ്രദർശനത്തിന് ശേഷം നടന്ന ചോദ്യോത്തര സെഷനിൽ അനുപർണ റോയ് പ്രേക്ഷകരുമായി സംവദിച്ചു. ഒരുമിച്ച് താമസിക്കുന്ന രണ്ട് സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് വികാരപരമായി അകന്നുനിൽക്കുന്ന അവസ്ഥ അവതരിപ്പിക്കുകയാണ് ചിത്രത്തിന്റെ കേന്ദ്ര ആശയമെന്നും അവർ വിശദീകരിച്ചു. ക്യാമറ ആംഗിളുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, പ്രതീകാർത്ഥങ്ങളേക്കാൾ പറയാനുള്ളത് കൃത്യമായി പറയുക എന്ന ലക്ഷ്യമാണ് നയിച്ചതെന്ന് അനുപർണ റോയ് വ്യക്തമാക്കി.
അതേസമയം, ഐഎഫ്എഫ്കെയുടെ മൂന്നാം ദിനമാണ് ഇന്ന്. 71 സിനിമകളാണ് ഇന്ന് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏഴ് സിനിമകളും, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലെ മൂന്ന് ചിത്രങ്ങളും, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിലെ എട്ട് ചിത്രങ്ങളും, വേൾഡ് സിനിമ വിഭാഗത്തിലെ 19 ചിത്രങ്ങളും, ഹോമേജ് വിഭാഗത്തിലെ രണ്ട് ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനുണ്ട്.



