മുംബൈ: ബോളിവുഡ് താരം സോനു സൂദിനെ സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു.

എന്നാൽ, അടുത്തിടെ താരത്തെ ലക്ഷ്യം വെച്ചുകൊണ്ട് ചില വിമർശനങ്ങളും ഉയർന്നിരുന്നു. സോനു തട്ടിപ്പുകാരനെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. കൂടാതെ അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും ചോദ്യം ചെയ്തു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടി നൽകിയിരിക്കുകയാണ് സോനു. 

”നിങ്ങൾ ജോലിയുടെ ഭാഗമായിട്ടായിരിക്കാം ഇതൊക്കെ ചെയ്യുന്നത്. ഇതിന് നിങ്ങൾക്ക് പ്രതിഫലവും ലഭിക്കും. ഇതൊന്നും എന്നെ ബാധിക്കില്ല. അതുകൊണ്ട് ഞാൻ ചെയ്യുന്ന കാര്യങ്ങൾ തുടർന്ന് കൊണ്ടിരിക്കും”, ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സോനുസൂദ് പറഞ്ഞു.

'ഞാൻ ഒന്നും ചെയ്യുന്നില്ലെന്ന് അവകാശപ്പെടുന്നവർക്കുള്ള മറുപടിയും എന്റെ പക്കൽ ഉണ്ട്. ഞാൻ സഹായിച്ച 7,03,246 ആളുകളുടെയും അഡ്രസും ഫോൺ നമ്പറും ആധാർ നമ്പറും എന്റേൽ ഉണ്ട്. വിദേശത്തു നിന്ന് ഞാൻ നാട്ടിലെത്തിച്ച വിദ്യാർഥികളുടെ വിവരങ്ങളും എന്റെ പക്കലുണ്ട്. ഇതൊക്കെ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ എന്റെ പക്കൽ വിവരങ്ങൾ ഉണ്ട്. എന്നെ ട്രോളുന്നതിന് പകരം പോയി ആരെയെങ്കിലും സഹായിക്കൂ'- സോനൂസൂദ് കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള സോനുവിന്റെ തന്ത്രങ്ങളാണ് ഇവയെന്നായിരുന്നു നേരത്തെ വിമർശനം ഉയർന്നത്. എന്നാൽ, തനിക്ക് ഇപ്പോൾ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താത്പര്യമില്ലെന്നും നടനെന്ന നിലയിൽ ഇനിയും കൂടുതൽ ദൂരം പോകേണ്ടതുണ്ടെന്നും സോനു വ്യക്തമാക്കിയിരുന്നു.