സോനുവിനെ സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. 

ബോളിവുഡ് താരം സോനു സൂദിന് കൊവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ സോനു നിരീക്ഷണത്തില്‍ കഴിയുകയാണ്. പേടിക്കാന്‍ ഒന്നുമില്ലെന്നും താരം ട്വീറ്റിലൂടെ അറിയിച്ചു.

‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് അറിയിക്കാനാണ് ഈ ട്വീറ്റ്. ഇന്ന് രാവിലെയാണ് ടെസ്റ്റ് റിസള്‍ട്ട് വന്നത്. മറ്റുള്ളവരുടെ സുരക്ഷയെ മാനിച്ച് റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ആരോഗ്യപരമായി വേണ്ടതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ ആരും തന്നെ വിഷമിക്കേണ്ടതില്ല. ഈ സമയം എനിക്ക് നിങ്ങളുടെ പ്രശ്‌നങ്ങള്‍ അകറ്റാനായി പ്രവൃത്തിക്കാനാവും. എന്ത് പ്രശ്‌നമുണ്ടെങ്കിലും എന്നെ വിളിക്കാമെന്ന കാര്യം മറക്കേണ്ട’, എന്നാണ് സോനു ട്വീറ്റ് ചെയ്തത്. 

കൊവിഡിന്റെ ആദ്യ വരവില്‍ സോനു സൂദ് സാധാരണക്കാര നിരവധി പേർക്കാണ് തുണയായി നിന്നത്. അതുകൊണ്ട് തന്നെ താരത്തിന് കൊവിഡ് ബാധിച്ചു എന്ന വാര്‍ത്ത ഏവര്‍ക്കും ദുഃഖമുണ്ടാക്കുന്നതാണ്. ‘ഗെറ്റ് വെല്‍ സൂണ്‍ സര്‍’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങാണ്.

സോനുവിനെ സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു.