'സ്വയംഭൂലിംഗ'ത്തിന്‍റെ അയൽക്കാരിയാക്കാൻ പറ്റിയ ആൾ; ഒടിടിയിൽ മറുഭാഷാ പ്രേക്ഷകരുടെയും കൈയടി നേടി സൂക്ഷ്‍മദർശിനി
എം സി ജിതിന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്

ഒടിടി കാലത്ത് മലയാളത്തില്‍ നിന്നെത്തുന്ന ത്രില്ലറുകള്‍ മറുഭാഷാ പ്രേക്ഷകരുടെയും പ്രശംസ നേടാറുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ നിന്നുള്ള ഒരു പുതിയ ഒടിടി റിലീസും ഭാഷാതീതമായി അത്തരത്തില്‍ സ്വീകാര്യത നേടുകയാണ്. എം സി ജിതിന്‍റെ സംവിധാനത്തില്‍ നസ്രിയ നസീമും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂക്ഷ്‍മദര്‍ശിനിയാണ് ആ ചിത്രം.
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് കഴിഞ്ഞ വര്‍ഷം നവംബര്‍ 22 ന് ആയിരുന്നു. തിയറ്ററുകളില്‍ മികച്ച അഭിപ്രായവും ബോക്സ് ഓഫീസ് വിജയവും നേടിയ ചിത്രമാണിത്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 11 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തിയിരുന്നു. ഇപ്പോഴിതാ മറുഭാഷാ പ്രേക്ഷകരുടെയും കൈയടി വാങ്ങുകയാണ് ചിത്രം.
ദൃശ്യത്തിന്‍റെ തമിഴ് റീമേക്ക് പാപനാശത്തിലെ നായക കഥാപാത്രം, കമല്‍ ഹാസന്‍ അവതരിപ്പിച്ച സ്വയംഭൂലിംഗത്തിന്‍റെ അയല്‍വാസിയായി സൂക്ഷ്‍മദര്‍ശിനിയിലെ പ്രിയ എത്തിയിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഒരു തമിഴ് പ്രേക്ഷകന്‍ എക്സില്‍ കുറിച്ചത്. ഇത്തരത്തിലുള്ള മലയാള ചിത്രങ്ങളില്‍ നിന്ന് തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രി പഠിക്കണമെന്നാണ് ഒരു തെലുങ്ക് പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്. നിരവധി പോസ്റ്റുകളാണ് സൂക്ഷ്‍മദര്‍ശിനി എന്ന ടാഗില്‍ എക്സില്‍ ഉള്ളത്.
അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എവിഎ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
ALSO READ : 'ലവ്ഡെയില്‍' ഫെബ്രുവരി 7 ന് തിയറ്ററുകളിലേക്ക്