ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്ര്.

കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് 'സൂരറൈ പോട്ര്'. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമായിരുന്നു. അപർണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡിലീറ്റഡ് രം​ഗങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

ദൈർഘ്യക്കൂടുതൽ മൂലം ചിത്രത്തിൽ നിന്നും വെട്ടിക്കളഞ്ഞ രംഗമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തു വിട്ടത്. വിമാന കമ്പനി തുടങ്ങാനാകാതെ എല്ലാം നഷ്ടപ്പെട്ട നില്‍ക്കുന്ന മാരന്‍(സൂര്യ) ഭാര്യയായ ബൊമ്മിയുടെ ബേക്കറിയില്‍ വെയ്റ്ററായി ജോലി നോക്കുന്നതാണ് ഡിലീറ്റഡ് സീനിലെ ഒരു ഭാഗം. മറ്റൊരു ഭാഗത്തില്‍ കലപ്പ വെച്ച് നിലം ഉഴുന്ന മാരനെയും കാണാം.

കടമടക്കാനാകാതെ വീട് നഷ്ടപ്പെട്ട് ഇറങ്ങേണ്ടി വരുന്ന, മകന്റെ കഷ്ടപ്പാടില്‍ തളര്‍ന്നു പോകുന്ന ഉര്‍വശിയുമാണ് ചില രംഗങ്ങളിലുള്ളത്. അപര്‍ണ ബാലമുരളിയും ചില രംഗങ്ങളില്‍ കടന്നുവരുന്നുണ്ട്.

അതേസമയം, ഇത്തവണത്തെ ഓസ്‍കറിന് 'സൂരറൈ പോട്രും' മത്സരത്തിനുണ്ടാകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന വര്‍ഷമാണ് കടന്നുപോയത് എന്നതിനാല്‍ ഡയറക്ട് ഒടിടി റിലീസ് ചിത്രങ്ങള്‍ക്കും ഇത്തവണ ഓസ്കര്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം അക്കാദമി നല്‍കുന്നുണ്ട്. അതുപ്രകാരമാണ് 'സൂരറൈ പോട്രും' ഓസ്കര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. പൊതുവിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെടുന്നത്. 

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്ര്. അപര്‍ണ ബാലമുരളിയാണ് 'ബൊമ്മി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.