കൊവിഡ് പശ്ചാത്തലം പരിഗണിച്ച് സിനിമകള്‍ക്ക് മത്സരിക്കാനുള്ള മാനദണ്ഡങ്ങളില്‍ അക്കാദമി ചില അയവുകള്‍ വരുത്തിയിരുന്നു. ഇതാണ് സൂരറൈ പോട്രിനു മുന്നില്‍ സാധ്യത തുറന്നത്

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്‍ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‍കര്‍ അവാര്‍ഡിന് മല്‍സരിക്കുന്ന വിവരം നിര്‍മ്മാതാക്കള്‍ ജനുവരിയില്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഒരു ഘട്ടം കൂടി കടന്നിരിക്കുകയാണ് ചിത്രം. 93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിക്കാന്‍ ചിത്രം യോഗ്യത നേടി എന്നതാണ് അത്. ഇത്തവണ ഓസ്‍കര്‍ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന 366 ചിത്രങ്ങളില്‍ ഒന്നായിരിക്കുകയാണ് സൂരറൈ പോട്ര്.

കൊവിഡ് പശ്ചാത്തലം പരിഗണിച്ച് സിനിമകള്‍ക്ക് മത്സരിക്കാനുള്ള മാനദണ്ഡങ്ങളില്‍ അക്കാദമി ചില അയവുകള്‍ വരുത്തിയിരുന്നു. ഇതാണ് സൂരറൈ പോട്രിനു മുന്നില്‍ സാധ്യത തുറന്നത്. തിയറ്ററുകള്‍ ഏറെക്കുറെ അടഞ്ഞുകിടന്ന വര്‍ഷമാണ് കടന്നുപോയത് എന്നതിനാല്‍ ഡയറക്ട് ഒടിടി റിലീസുകള്‍ക്കും ഇത്തവണ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ മാസം 28 മുതല്‍ യുഎസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളിലോ ഡ്രൈവ് ഇന്‍ തിയറ്ററുകളിലോ അത്തരം ചിത്രങ്ങളും ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്ന് നിയമാവലിയിലുണ്ട്. മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 344 ചിത്രങ്ങളായിരുന്നു മത്സരിക്കാന്‍ യോഗ്യത നേടിയത്.

Scroll to load tweet…

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. അപര്‍ണ ബാലമുരളിയാണ് 'ബൊമ്മി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.