അമിനേറ്റഡ് സിനിമയായ കൊച്ചഡിയാനും വേലയില്ലാ പട്ടധാരി 2 ഉും ഒരുക്കിയ സംവിധായികയാണ് സൌന്ദര്യ

മാളികപ്പുറമാണ് കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് നല്‍കിയതെങ്കിലും മറ്റ് മൂന്ന് സിനിമകളുടെ രചന കൂടി നിര്‍വ്വഹിച്ചിട്ടുണ്ട് അഭിലാഷ് പിള്ള. നാല് ചിത്രങ്ങള്‍ പുറത്തെത്തിയതും ഒരേ വര്‍ഷം! തിരക്കഥാ രം​ഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാളും ആ​ഗ്രഹിക്കുന്ന നേട്ടം. മാളികപ്പുറത്തിന്റെ വന്‍ വിജയം അഭിലാഷിന് നിരവധി പ്രോജക്റ്റുകളുടെ സാധ്യതകള്‍ തുറന്നിടുകയാണ്. അതില്‍ ശ്രദ്ധേയമായ ഒന്നിന്‍റെ പ്രവര്‍ത്തനങ്ങളിലുമാണ് അദ്ദേഹം. മലയാളത്തിലല്ല, മറിച്ച് തമിഴിലാണ് ഈ ചിത്രത്തിന്‍റെ ആലോചന.

സംവിധായികയും രജനികാന്തിന്റെ മകളുമായ സൗന്ദര്യ രജനികാന്ത് ആണ് അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ സിനിമയൊരുക്കാന്‍ തയ്യാറെടുക്കുന്നത്. അമിനേറ്റഡ് സിനിമയായ കൊച്ചഡിയാനും വേലയില്ലാ പട്ടധാരി 2 ഉും ഒരുക്കിയ സംവിധായികയാണ് സൌന്ദര്യ. മാളികപ്പുറം റിലീസിനു പിന്നാലെയാണ് സൌന്ദര്യയുടെ ഫോണ്‍കോള്‍ തനിക്ക് വന്നതെന്നും നേരില്‍ കാണാന്‍ കഴിയുമോ എന്ന് അന്വേഷിച്ചെന്നും അഭിലാഷ് ഒടിടി പ്ലേയോട് പറഞ്ഞു. "ചെന്നൈയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ ഒരു പ്രോജക്റ്റ് സംസാരിച്ചു. നിലവില്‍ ഞാന്‍ അതിന്‍റെ എഴുത്തുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഈ വര്‍ഷം തന്നെ ആ പ്രോജക്റ്റ് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു", അഭിലാഷ് പിള്ള പറയുന്നു.

മാസ് ചിത്രം ആയിരിക്കുമോ, ചിത്രത്തില്‍ രജനികാന്ത് ഉണ്ടാവുമോ എന്ന ചോദ്യങ്ങളോട് അഭിലാഷിന്‍റെ പ്രതികരണം ഇങ്ങനെ- "അതേക്കുറിച്ചൊക്കെ ഈ പ്രാഥമിക ഘട്ടത്തിലേ പറയാന്‍ സാധിക്കില്ല. ഒരു കഥാബിജം സൌന്ദര്യയോട് പറയുക മാത്രമാണ് ഞാന്‍ ചെയ്തത്. അത് അവര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. അതാണ് ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നത്. ബിഗ് ബജറ്റില്‍ വരുന്ന ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരിക്കും അത്", അഭിലാഷ് പറയുന്നു.

മാളികപ്പുറം കൂടാതെ അമല പോള്‍ നായികയായ തമിഴ് ചിത്രം കഡാവര്‍, വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ്, എം പത്മകുമാറിന്‍റെ നൈറ്റ് ഡ്രൈവ് എന്നിവയാണ് അഭിലാഷ് പിള്ളയുടെ രചനയില്‍ ഇതുവരെ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍.

ALSO READ : 'വാര്‍ 2' പ്രതീക്ഷിച്ചതിലും നേരത്തെ; പഠാനും ടൈഗറും കബീറിനൊപ്പം!